സ്കൂളുകളിലെ ചോരക്കളിക്ക് അറുതിവേണം
text_fieldsകോട്ടയം: ‘ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. വേണമെങ്കിൽ അങ്ങനെ അല്ലെന്ന് പറയാം. അങ്ങനെ പറഞ്ഞാൽ കുട്ടികളെ രക്ഷിക്കാൻ കഴിയാതെ വരും’... ഇടുക്കിയിലേക്ക് സ്ഥാനം മാറി പോകുന്നതിന് തൊട്ടുമുമ്പായി ജില്ല കലക്ടറായിരുന്ന വി. വിഘ്നേശ്വരി പറഞ്ഞ വാക്കുകളാണിത്. ഇത് തടയാൻ കർമപദ്ധതി ആവിഷ്കരിക്കാനുള്ള നടപടി ജില്ല ഭരണകൂടം ആരംഭിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.
ഇതിനൊപ്പമാണ് ചോരവീഴ്ത്തുന്ന ഫെയര്‍വെല്‍ പാർട്ടികളും സ്കൂളുകളിൽ പിടിമുറുക്കുന്നത്. താമരശ്ശേരിയിലെ മുഹമദ് ഷഹബാസിന്റെ മരണത്തോടെ ഇത്തരം തല്ലുമാലകൾക്ക് അറുതി വരുത്തണമെന്ന ആവശ്യവും ശക്തമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാണ്. പത്ത്, പ്ലസ് ടു ക്ലാസുകളിലുള്ളവരാണ് പലപ്പോഴും സംഘർഷങ്ങളിൽ ഏർപ്പെടുന്നത്. അടുത്തിടെ പെരുവയിൽ ഗവ. വൊക്കേഷനൽ ഹയർസെൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥികളും രണ്ടാം വർഷക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പൊലീസിനുവരെ ഇടപെടേണ്ടിവന്നിരുന്നു. തിരുനക്കര, പാമ്പാടി എന്നിവിടങ്ങളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവായിരിക്കുകയാണ്.
അധ്യാപകർ ഇടപെട്ടാൽ പോലും സംഘർഷങ്ങൾ തടയാൻ കഴിയാത്ത സ്ഥിതിയുണ്ട്. പൊലീസ് എത്തുമ്പോഴാണ് പലപ്പോഴും കൂട്ടതല്ലുകാർ പിൻമാറുന്നത്. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളോട് ഒന്നും ചോദിക്കാനോ, ശാസിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് അധ്യാപകരും പറയുന്നു. ഫെയര്‍വെല്‍ ദിവസം സമ്മാനിക്കുന്നത് മുഴുനീള ആധിയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ നിന്ന് പോകുന്നതുവരെ ഉള്ളിൽ തീയാണ്. നേരത്തെ നടന്ന തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പകരം ചോദിക്കാനുള്ള ദിവസമായാണ് പല സ്കൂളുകളിലും ഇപ്പോൾ ഫെയര്‍വെല്‍ ദിനത്തെ വിദ്യാർഥികൾ കാണുന്നത്- അധ്യാപകർ പറയുന്നു. പുറത്തുനിന്നുള്ളവരുമായി ‘കമ്പനി’ ചേർന്ന ശേഷം സ്കൂളിൽ എത്തുന്ന വിദ്യാർഥികളുമുണ്ട്. മിക്ക സ്കൂളുകളിലും ഭൂരിഭാഗവും അധ്യാപികമാരാണ്.
ഒന്നോ രണ്ടോ പുരുഷ അധ്യാപകര്‍ മാത്രമാണുണ്ടാകുക. കായിക മേളയായാലും കലോത്സവമായാലും വിനോദയാത്രയായാലും കുട്ടികളെ നിയന്ത്രിക്കേണ്ട ചുമതല ഇവര്‍ക്കായിരിക്കും. ബസ് സ്റ്റോപ്പില്‍ സംഘര്‍ഷമുണ്ടാകുമ്പോഴും രണ്ട് ക്ലാസുകാർ തമ്മില്‍ വാക്കേറ്റമുണ്ടാകുമ്പോഴും ഓടിയെത്തുന്നതും ഇവര്‍ തന്നെ. ഇപ്പോള്‍, കുട്ടികള്‍ക്കൊപ്പം ഇത്തരം പരിപാടികളില്‍ പോകാന്‍ ഭയവും മടിയുമാണെന്ന് ജില്ലയിലെയൊരു സ്കൂൾ അധ്യാപകന് പറയുന്നു.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികള്‍ക്കിടയില്‍ വ്യാപകമാണെങ്കിലും പല സ്കൂളുകളും വിഷയം ഒതുക്കിവെക്കുന്നതായും ആക്ഷേപമുണ്ട്. പ്രശ്നം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടിനൊപ്പം വരും വര്‍ഷങ്ങളില്‍ ഇവിടേക്ക് കുട്ടികള്‍ വരാതാകുമെന്ന ചിന്തയും ഇതിന് കാരണമാകുന്നുണ്ട്. പലയിടങ്ങളിലും കുട്ടികള്‍ സ്കൂളിന് പുറത്തു ലഹരി ഉപയോഗിക്കുന്നതായും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ പിടിച്ചാലും രക്ഷിതാക്കളുടേയും സ്കൂള്‍ അധികൃതരുടെയും സ്വാധീനത്തില്‍ കേസില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുന്നതും പതിവാണ്. ഇത് അവസരമായി ചിലർ മുതലെടുക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സിനിമകളും സ്കൂളുകളിൽ വില്ലൻ വേഷം കെട്ടുന്നുണ്ട്. ജനുവരിൽ പാലായിലെ സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്ലാസ്മുറിയിൽ നഗ്നനാക്കുകയും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിൽ സ്വാധീനം ചെലുത്തിയത് സിനിമയായിരുന്നു. ‘പുഷ്പ’ എന്ന തമിഴ് സിനിമയിൽ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങൾ അനുകരിച്ചാണ് വിഡിയോ എടുത്തത്. ഇത് വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

