മാട്ടുകൊമ്പുകളിവിടെ മനോഹര ശിൽപങ്ങളാണ്
text_fieldsഗുരുസ്വാമി ചീപ്പ് നിർമാണത്തിൽ
കോട്ടയം: നഗരത്തിരക്കുകൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധിക്കാത്ത പല മുഖങ്ങളുമുണ്ട്. തീരെ സാധാരണക്കാരനെങ്കിലും അസാധ്യ പ്രതിഭയുള്ളവരെ ആരും കാണാനിടയുണ്ടാകില്ല. ഇത്തരമൊരു മുഖമാണ് തിരുനെൽവേലിക്കാരൻ ഗുരുസ്വാമി. തന്റെ പിതാവിൽനിന്ന് ലഭിച്ച കൈപ്പുണ്യത്തിൽ ആരെയും വിസ്മയിപ്പിക്കുന്ന പ്രതിഭ ഇദ്ദേഹത്തിന് സ്വന്തം. മാട്ടുകൊമ്പിൽനിന്ന് കൊത്തുപണികളിലൂടെ മയൂരവും മത്സ്യവുമടങ്ങുന്ന പലവിധ സൃഷ്ടികളാണ് പിറവിയെടുത്തത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുന്ന നടപ്പാതയിൽ ചീപ്പുകൾ ഉണ്ടാക്കി വിൽക്കുന്നതാണ് ഗുരുസ്വാമിയുടെ തൊഴിൽ. എല്ല് സംസ്കരണശാലകളിൽനിന്നു ശേഖരിക്കുന്ന മാട്ടുകൊമ്പുകളിലാണ് ചീപ്പുകൾ നിർമിക്കുന്നത്. കൊമ്പ് ചീകിമിനുക്കി സൂക്ഷ്മമായി കൊത്തുപണി നടത്തുന്ന രണ്ട് ദിവസത്തെ അധ്വാനത്തിന്റെ സൗന്ദര്യമാണ് ശിൽപരൂപങ്ങൾ.
35 വർഷമായി ഗുരുസ്വാമി കോട്ടയത്തുണ്ട്. ചെറുപ്പത്തിൽ പിതാവ് പരമേശ്വരനൊപ്പമാണ് കോട്ടയത്ത് എത്തിയത്. പരമേശ്വരനും ചീപ്പ് നിർമാണമായിരുന്നു തൊഴിൽ. പിതാവിനൊപ്പംകൂടിയാണ് കുലത്തൊഴിലിന്റെ ബാലപാഠങ്ങൾ ഗ്രഹിക്കുന്നത്. ഭാര്യയും വിദ്യാർഥികളായ മക്കളുമടങ്ങുന്നതാണ് ഗുരുസ്വാമിയുടെ കുടുംബം. മാസത്തിൽ ഒരുതവണ നാട്ടിൽ പോയിവരും. കൗതുകത്തിന്റെ പേരിലാണ് ചീപ്പുകൾ അല്ലാതെ മറ്റ് രൂപങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. പിന്നീടത് കൂടെക്കൂടി.
വിവിധ രൂപങ്ങൾ മാട്ടുകൊമ്പുകളിൽനിന്നു കൊത്തിയെടുത്തു. കൃത്യത ഗുരുസ്വാമിക്ക് നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഏറെസമയമെടുത്താണ് ഓരോ കൊത്തുപണികളും പൂർത്തിയാക്കുന്നത്. പൂർത്തിയാക്കുന്ന ഓരോ നിർമിതികളും വഴിവക്കിൽ തനിക്കരികിൽ പ്രദർശിപ്പിക്കും. രണ്ട് ദിവസത്തിനുള്ളിൽ അത് നല്ല വിലയ്ക്ക് വിറ്റഴിയും. ചീപ്പിന്റെ വിൽപനക്കുറവ് ഇത്തരത്തിലാണ് ഗുരുസ്വാമി നികത്തുന്നത്. ആലുവയിൽനിന്നാണ് ഗുരുസ്വാമി കൊമ്പുകൾ ശേഖരിക്കുന്നത്.
ഒരു കൊമ്പിൽനിന്ന് രണ്ട് ചീപ്പ് മാത്രമേ ഉണ്ടാക്കാനാവൂ. കൊത്തുപണികൾക്കായി കൊമ്പുകൾ മാറ്റിവെക്കുന്നുണ്ട്. സമയംകിട്ടുന്ന മുറക്കാണ് കരകൗശല നിർമാണം. പല തിരക്കുകളിലും നഗരം കടന്നുപോകുന്നവർക്ക് സുപരിചിതനായ അപരിചിതനാണ് പലർക്കും ഗുരുസ്വാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

