മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം മാർച്ച് ഒന്നിന്
text_fieldsമുണ്ടക്കയം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മാതൃക
മുണ്ടക്കയം: ഭൂമിയുടെ ഉടമസ്ഥതയെചൊല്ലി തർക്കം നിലനിൽക്കെ, മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് ഒന്നിന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മൂന്ന് നിലകളിലായി 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിനായി 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗം, എസ്.എച്ച്.ഒ റൂം, എസ്.ഐ. റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകൾ, വിസിറ്റേഴ്സ് റൂം, പാർക്കിങ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ് ,അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം എന്നിവയുണ്ടാകും. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക.
അതിൽ ക്രൈം എസ്.ഐ റൂം, എ.എസ്.ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് റൂമുകൾ, ഇന്ററോഗേൻ റൂം, തൊണ്ടി റൂം, റെക്കോർഡ് റൂം, ടോയ്ലറ്റുകൾ മുതലായവയുണ്ടാകും. രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവൺമെന്റ് ഏജൻസിയായ കേരള പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ആണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപത്ത് തന്നെയാണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

