ബസ്സ്റ്റാൻഡ് ഒഴിപ്പിക്കൽ പൂക്കച്ചവടക്കാർക്കും തിരിച്ചടിയായി
text_fieldsപൊലീസ് നിർദേശത്തെ തുടർന്ന് പൂക്കച്ചവടക്കാർ വിൽപന നിർത്തിവെച്ചപ്പോൾ
കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് ഒഴിപ്പിക്കലിൽ തട്ടി പൂവിൽപന താളംതെറ്റിയതോടെ കച്ചവടക്കാർ ആശങ്കയിൽ. അത്തം മുതൽ കോട്ടയം നഗരത്തിൽ ദിണ്ഡിഗല്ലിൽനിന്നുള്ള 40 അംഗ സംഘം പൂക്കച്ചവടം നടത്തിവരുന്നുണ്ട്. എല്ലാവർഷവും എത്താറുള്ള ഇവർ മൂൻകൂട്ടി നഗരസഭയുടെ അനുമതി വാങ്ങുകയും തിരുനക്കര ബസ്സ്റ്റാൻഡിനു മുൻവശത്ത് കച്ചവടത്തിന് തറവാടക അടക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ്, രാജധാനി ഹോട്ടൽ കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് നിർമിതി അടർന്നുവീണ് ലോട്ടറിക്കട ജീവനക്കാരൻ മരിച്ചത്. ഇതോടെ ബസ്സ്റ്റാൻഡ് കെട്ടിടത്തിനുചുറ്റും നിശ്ചിത അകലത്തിൽ കയറുകെട്ടി നഗരസഭ സുരക്ഷയൊരുക്കി. കെട്ടിടത്തോട് ചേർന്നുള്ള കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. പൂക്കച്ചവടക്കാർ നഗസഭയെ സമീപിച്ചപ്പോൾ കയർകെട്ടി തിരിച്ചതിന് പുറത്ത് കച്ചവടം നടത്തിക്കൊള്ളാൻ അധികൃതർ പറഞ്ഞു. ഇതനുസരിച്ച് റോഡിനോട് ചേർന്ന് ഇവർ കച്ചവടം ആരംഭിച്ചെങ്കിലും ബുധനാഴ്ച പൊലീസ് തടഞ്ഞു. കച്ചവടം അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഇതോടെ ഇവർ നഗരസഭയെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
സ്കൂളുകളിലും കോളജുകളിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന ഈ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നതെന്ന് ഇവർ പറയുന്നു. മിക്ക കോളജുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഓണാഘോഷം. നിലവിലെ അവസ്ഥയിൽ ഇത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇവർ.
വർഷങ്ങളായി ഓണക്കാലത്ത് ഇവർ ഇവിടെയാണ് കച്ചവടം നടത്തുന്നത്. പൊടുന്നനെ സ്ഥലം മാറിയാൽ കച്ചവടത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഇവർ എത്തിക്കുന്നത്. നിലവിലെ സ്ഥിതിയിൽ വലിയ നഷ്ടം സംഭവിക്കുമെന്നും ചാക്കുകളിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്ന പൂക്കൾ നശിക്കാൻ സാധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ആറു സംഘങ്ങളായി തിരിഞ്ഞാണ് ഇവരുടെ വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

