കാർഷികമേഖലയിലെ ഉപയോഗത്തിനുള്ള യന്ത്രത്തിന് അന്താരാഷ്ട്ര അവാർഡ് നേടി സംരംഭകൻ
text_fieldsജോഷി ജോസഫ് താൻ നിർമിച്ച റെനോവ് ഷ്രഡിങ് ആൻഡ് ഗ്രൈൻഡിങ് മെഷിനുമായി
കോട്ടയം: കാർഷികമേഖലയിലെ ഉപയോഗത്തിനുള്ള യന്ത്രത്തിന് അന്താരാഷ്ട്ര അവാർഡ് നേടി സംരംഭകൻ. കാർഷികമേഖലയിലും ജൈവമാലിന്യ സംസ്കരണ മേഖലയിലും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന റെനോവ് ഷ്രഡിങ് ആൻഡ് ഗ്രൈൻഡിങ് മെഷീൻ കണ്ടുപിടിച്ച ഈരാറ്റുപേട്ട അരുവിത്തുറ താന്നിക്കൽ ജോഷി ജോസഫാണ് അവാർഡ് ജേതാവായത്.
2024ൽ കെനിയയിൽ രാജ്യാന്തര സംഘനയായ പ്രോലിൻനോവ നടത്തിയ ഗ്രാമീണ ഇന്നവേഷൻ മീറ്റിൽ അവതരിപ്പിച്ച് 31 രാജ്യങ്ങളിൽനിന്നുള്ള നൂതന ആശയങ്ങളിൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽനിന്ന് പരിഗണിച്ച രണ്ട് ഇന്നവേഷനുകളിൽ ഒന്നാണ് ജോഷി ജോസഫിന്റെ റെനോവ് ഷ്രഡിങ് ആൻഡ് ഗ്രൈൻഡിങ് മെഷീൻ.
കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കാനുള്ള മെഷീൻ നിർമാണത്തിൽ നിന്നുമാണ് യന്ത്രനിർമാണത്തിൽ സജീവമാകുന്നത്. പിന്നീട് നിർമിച്ച ആദ്യ മോഡലിൽ നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങൾ വരുത്തി അരിയാനും പൊടിക്കാനും അരക്കാനും സ്ലറി ആക്കാനും തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മെഷീൻ മാറ്റിയെടുത്തു.
സിംഗിൾ ഫേസ് മോട്ടോറിൽ പ്രവർത്തിക്കുന്നു, കുറഞ്ഞ വൈദ്യുതി ഉപയോഗം, സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു എന്നിവയാണ് ഈ യന്ത്രത്തിന്റെ പ്രത്യേകതകൾ. വലുതും ചെറുതുമായ അനേകം ജൈവവളം, പച്ചകക്കപ്പൊടി യൂനിറ്റുകൾ ഈ മെഷീൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. റെനോവ് കമ്പോസ്റ്റ് ടംബ്ലർ, റെനോവ് കംമ്പോസ്റ്റിങ് ബയോകൾച്ചർ എന്നീ മെഷീനുകളും ജോഷി ജോസഫിന്റെ നവീന ആശയങ്ങളാണ്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് ജില്ലയിലെ ഏറ്റവും നല്ല മാലിന്യസംസ്കരണ യൂനിറ്റിനുള്ള അവാർഡ് ലഭിച്ചതിൽ ഇദ്ദേഹത്തിന്റെ പങ്കിൽ മുനിസിപ്പാലിറ്റി അഭിനന്ദിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ യന്ത്രവത്കരണപദ്ധതിയായ സ്മാം പദ്ധതിയിൽ അംഗീകാരത്തിനായി ശ്രമിക്കുകയാണ്. അതുവഴി സബ്സിഡിയിലൂടെ തന്റെ യന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ജോഷി ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

