താരയിൽ തർക്കം നെല്ല് പാടത്തുതന്നെ
text_fieldsകൊയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും ഈർപ്പത്തിന്റെ പേരിൽ മില്ലുടമകൾ സംഭരിക്കാത്തതിനെ
തുടർന്ന് മുണ്ടാർ പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല്
തലയാഴം: കൊയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ലിലെ ഈർപ്പത്തിലെ കിഴിവിന്റെ (താര)പേരിൽ തർക്കമുന്നയിച്ച് മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ആയിരം ടണ്ണോളം നെല്ല് കെട്ടിക്കിടക്കുന്നു.
തലയാഴം, കല്ലറ പഞ്ചായത്തുകളെ വേർതിരിക്കുന്ന കെ.വി. കനാലിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. മുണ്ടാറിലെ കിണറ്റുകര, തട്ടാപറമ്പ്, പറമ്പൻകരി, തമ്പാൻ ബ്ലോക്ക്, 54ബ്ലോക്ക്, ജോണി ബ്ലോക്ക്, കങ്ങഴ കോളനി ബ്ലോക്ക്, മുണ്ടാർ ഒന്ന്, തലയാഴത്തെ മുണ്ടാർ അഞ്ച്, മുപ്പത് തുടങ്ങി 11ഓളം പാടശേഖരങ്ങളിലായി മുന്നൂറോളം കർഷകരുടെ നെല്ലാണ് എട്ട് മുതൽ പത്തു കിലോ വരെ കിഴിവ് വേണമെന്ന മില്ലുകാരുടെ കടുംപിടുത്തം മൂലം സംഭരിക്കാനാകാതെ പാടത്ത് കിടക്കുന്നത്.
കനാലിനേക്കാൾ താഴ്ന്ന നിലങ്ങളായതിനാൽ ഉറവ വന്ന് നെല്ല് നനഞ്ഞു നശിക്കാതിതിരിക്കാൻ പാടശേഖര സമിതികൾ കൊയ്ത്ത് കഴിഞ്ഞിട്ടും അധിക തുക നൽകി ആളെവെച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാണ് വിളവ് സംരക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ കൊയ്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്. പാഡി ഓഫീസർ നെല്ല് സംഭരിക്കുമെന്ന് അറിയിച്ച സ്വകാര്യ മില്ലിന്റെ ഏജന്റ് നെല്ല് സംഭരണം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം അറിയിച്ചതോടെ വിളവ് നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വെള്ളപ്പൊക്കത്തെ തുടർന്ന് വൈകിയാണ് ഈ പാടശേഖരങ്ങളിൽ വിത നടന്നത്. വിതച്ചപ്പോൾ കടുത്ത ചൂട് മൂലം വിത ഉരുകിനശിച്ചിടത്തുനിന്നാണ് കർഷകർ കൃഷി രക്ഷിച്ചെടുത്തത്. ഏക്കറിന് 18 മുതൽ 20 വരെ ക്വിന്റൽ വിളവ് ലഭിച്ചെങ്കിലും സംഭരണം അവതാളത്തിലായത് കർഷകർക്ക് വലിയ തിരിച്ചടിയാണ്. സമീപ പാടശേഖരങ്ങളിൽ മൂന്ന്, അഞ്ച് കിലോ കിഴിവിൽ നെല്ല് സംഭരിച്ചപ്പോഴാണ് ഇവിടെ 10 കിലോക്ക് സമ്മർദം ചെലുത്തുന്നത്. നെല്ല് സംഭരണം തടസപ്പെട്ടതോടെ നെല്ല് ഉണക്കിയും മൂടിയിട്ടും കർഷകർ ദിവസങ്ങളായി പാടത്താണ്. അപ്പർ കുട്ടനാട്ടിൽ ഏതാനും വർഷമായി നെല്ല് സംഭരണം അനിശ്ചിതത്വത്തിലാക്കുന്നത് കർഷകർക്ക് ഏറെ ദുരിതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുകയാണെന്നും നെല്ല് സംഭരണം സമയബന്ധിതമായി നടത്താൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നും വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗവും കർഷകനുമായ ടി.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
പാടത്ത് ദിവസങ്ങളായി നെല്ല് സൂക്ഷിക്കുന്നത് മൂലം അധിക പണച്ചെലവ് വരികയാണെന്നും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്നും പാടശേഖര സമിതി ഭാരവാഹികളായ ജോസ് ചെറുവള്ളി, ടി.ജെ. സെബാസ്റ്റ്യൻ, ജോമോൻ ജോൺ, അജി, ഭാസ്കരൻ, സുമേഷ് തുടങ്ങിയവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

