മാക്കേകടവ് പാലം അനുബന്ധ റോഡ് പണി തുടങ്ങി
text_fieldsനേരെ കടവ്-മാക്കേകടവ് പാലത്തിന്‍റെ അനുബന്ധ റോഡ് നിർമാണം തുടങ്ങിയപ്പോൾ
വൈക്കം: വേമ്പനാട്ടു കായലിന്‍റെ ഇരുകരകളെ കൂട്ടിമുട്ടിച്ചു പാലം നിർമാണം പൂർത്തിയായതിനു പിന്നാലെ നേരെകടവ്-മാക്കേകടവ് അനുബന്ധ റോഡ് നിർമാണവും തുടങ്ങി. ഇരുവശത്തും 150 മീറ്റർ നീളത്തിലാണ് സമീപന പാതയും യാത്ര റോഡുകളും നിർമിക്കുന്നത്. അനുബന്ധ റോഡ് നിർമാണത്തിനു നേരെകടവിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റി. മാക്കേകടവിൽനിന്ന് പാലം കയറി നേരെകടവിൽ എത്തുന്നവർക്ക് വൈക്കം പുത്തോട്ട ഭാഗങ്ങളിലേക്കു പോകണമെങ്കിൽ ഉദയനാപുരം ജങ്ഷനിൽ എത്തണം. 11 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തു റോഡ് നിർമിക്കുന്നതിന് 15 കോടി രൂപയാണ് അനുവദിച്ചത്.
പാലം നിർമാണം പുരത്തിയായി നേരെകടവ് മുട്ടിനിൽക്കുന്ന നിലയിലാണ് ഇപ്പോൾ. പാലത്തിന്‍റെ സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി. 22 സ്പാനിലെ കൈവരികളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായ രണ്ടാമത്തെ പാലമാണ് നേരെ കടവ്-മാക്കേകടവ് പാലം. 800 മീറ്റർ നീളവും ഇരുവശത്തും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്. 2016ലാണ് പാലം പണി തുടങ്ങിയത്. ഒന്നര വർഷത്തോളം നിർമാണം അതിവേഗം മുന്നോട്ടുപോയി. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ പിന്നീട് പണി നിലച്ചു. പിന്നീട് 2004 മാർച്ചിൽ നിർമാണം പുനരാരംഭിച്ചു. 98 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമായാൽ 30 മിനിറ്റ് കൊണ്ട് നേരെകടവിൽനിന്ന് തുറവൂർ ജങ്ഷനിൽ എത്താം. അവിടെനിന്ന് ചേർത്തലയിലേക്കും എറണാകുളത്തേക്കും എളുപ്പം എത്താനാവും. ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ചരക്ക് വാഹനങ്ങൾ എന്നിവർക്ക് ഇരു ജില്ലകളിലേക്കും എളുപ്പമാവും. ഒപ്പം വ്യാപാര മേഖലയിലെ വളർച്ചക്കും പാലം സഹായകമാവുമെന്നാണു പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

