കോണത്താറ്റ് പാലം നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ
text_fieldsകോട്ടയം: കോട്ടയം-കുമരകം റൂട്ടിലെ കോണത്താറ്റ് പാലം നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ. അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പണികൾ നിലച്ചു. പ്രവേശനപാതയുടെ സ്പാൻ പാലവുമായി ചേരുന്ന ഭാഗത്തെ കോൺക്രീറ്റ് ജോലികൾ മാത്രം അവശേഷിക്കയാണ് കരാറുകാരൻ ജോലികൾ നിർത്തിയത്. കേരള റോഡ് ഫണ്ട് ബോർഡും (കെ.ആർ.എഫ്.ബി) കരാറുകാരനും തമ്മിലുള്ള തർക്കമാണ് പുതിയ പ്രതിസന്ധി.
കോൺക്രീറ്റിങ്ങിനായി തയാറാക്കിയ ഇരുമ്പുകൊണ്ടുള്ള എക്സ്പാൻഷൻ ജോയന്റിന് നിർദേശിച്ച വലുപ്പമില്ലെന്നുകാട്ടി കേരള റോഡ് ഫണ്ട് ബോർഡ് തുടർജോലികൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ, കരാര്‍ വ്യവസ്ഥയിലുള്ള എക്സ്പാൻഷൻ ജോയന്റാണ് പാലത്തിൽ സ്ഥാപിച്ചതെന്നാണ് കരാറുകാരൻ പറയുന്നത്. ഇത് അംഗീകരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയാറായില്ല. ഇതോടെ കരാറുകാരൻ പാലംപണി അവസാനിപ്പിക്കുകയായിരുന്നു. ഇവിടെ നിയോഗിച്ചിരുന്ന ജോലിക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതായും കരാറുകാരൻ പറഞ്ഞു.
ഒരുമീറ്റര്‍ കോണ്‍ക്രീറ്റിങ് മാത്രം അവശേഷിക്കെ പാലം പണി നിര്‍ത്തിയത് വിനോദസഞ്ചാരികൾക്കൊപ്പം ചേർത്തല, വൈക്കം, കുമരകം ഭാഗത്തേക്കുള്ള യാത്രക്കാർക്കും തിരിച്ചടിയായി. നിലവിൽ സ്വകാര്യ ബസുകൾ നിർമാണം നടക്കുന്ന പാലത്തിന്റെ ഇരുപുറവുമെത്തി യാത്ര അവസാനിപ്പിക്കുകയാണ്.
തോടിന് കുറുകെ താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ഇതുവഴി ബസുകളടക്കം വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ പുതിയകാവ് അമ്പലത്തിനു മുന്നിലും കോട്ടയത്തുനിന്ന് വരുന്ന ബസുകള്‍ ആറ്റാമംഗലം പള്ളിക്ക് മുന്നിലെ താൽക്കാലിക സ്റ്റാന്‍ഡിലും യാത്ര അവസാനിപ്പിക്കും. യാത്രക്കാർ അക്കരെയെത്തി അടുത്ത ബസിൽ കയറണം. വിദ്യാർഥികളും ജോലിക്കാരുമടക്കം ഒരുവർഷത്തിലേറെയായി ഈ ദുരിതം അനുഭവിക്കുന്നു. ചേർത്തലയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ചുങ്കം, മെഡിക്കൽ കോളജ് വഴിയാണ് സർവിസ് നടത്തുന്നത്.
കോട്ടയം-കുമരകം റോഡിലെ ഇല്ലിക്കൽ ജങ്ഷൻ മുതൽ കുമരകം വരെ 13.3 കിലോമീറ്റർ കിഫ്ബി പദ്ധതി വഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചുപണിയുന്നത്. നവംബർ ഒന്നിനാണ് പാലം നിർമാണം തുടങ്ങിയത്. 7.94 കോടി ചെലവഴിച്ച് കിഫ്ബിയുടെ മേൽനോട്ടത്തിലാണ് പാലം പണി നടക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും ഇരുവശത്തുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി.
പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി കൈവരി നിർമാണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പണികൾ സ്തംഭിച്ചിരിക്കുന്നത്.
ജോലികൾ ഉടൻ പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നേരത്തേ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സമരവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

