കുമരകം കേന്ദ്രമാക്കി ടൂറിസം കോറിഡോർ വേണമെന്ന് കോൺക്ലേവ്
text_fieldsനവകേരള സദസ്സിന് മുന്നോടിയായി ഏറ്റുമാനൂർ മണ്ഡലത്തിൽ നടക്കുന്ന കോൺക്ലേവുകളുടെ ഭാഗമായ ടൂറിസം കോൺക്ലേവ് കുമരകം കെ.ടി.ഡി.സി വാട്ടർസ്കേപ്പിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കുമരകം കേന്ദ്രമാക്കി സമീപപഞ്ചായത്തുകളായ അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോർ സാധ്യമാക്കണമെന്ന് നവകേരളസദസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടൂറിസം കോൺക്ലേവിൽ ആവശ്യം.
കുമരകം കെ.ടി.ഡി.സി വാട്ടർസ്കേപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. കുമരകം മേഖലയിൽ എത്തുന്ന സഞ്ചാരികൾ അവിടുത്തെ ഹോട്ടലുകളിലോ ഹോം സ്റ്റേകളിലോ ഒന്നോ രണ്ടോ ദിവസം താമസിച്ചുമടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. സഞ്ചാരികൾ നാട്ടിൻപുറങ്ങളിലേക്കു സഞ്ചാരിച്ചാലേ മേഖലക്ക് പ്രയോജനം ലഭിക്കൂ. കൃഷി അനുബന്ധ ടൂറിസത്തിന്റെ സാധ്യതകളും കുമരകം മേഖലയിൽ സജീവമാക്കണമെന്നും അഭിപ്രായമുയർന്നു.
ആഭ്യന്തര വിനോദസഞ്ചാരികൾ കൂടുതലായി എത്തിയാല കുമകത്തെ ടൂറിസം വികസനം മുന്നോട്ടുപോകൂ. നെടുമ്പാശേരി-കുമരകം കണക്ടിവിറ്റിക്കായി ലോ ഫ്ലോർ ബസ് സർവീസ് തുടങ്ങുന്നതു പോലെ കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കണം. കുമരകത്തേക്ക് രാത്രി യാത്ര സാധ്യമാക്കുന്ന സിറ്റി ബസ് സർവീസുകൾ ആരംഭിക്കണം.
ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കനാൽ ടൂറിസം ശക്തമാക്കണം. ഇടത്തരക്കാർക്ക് ഗുണകരമാകുന്ന തരത്തിൽ ഹോംസ്റ്റേകളുടെ നടത്തിപ്പിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകി തദ്ദേശീയരെ പ്രോത്സാഹിപ്പിക്കണം. ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ സ്വദേശിവത്കരണത്തിന് അവസരമൊരുക്കണമെന്നും കോൺക്ലേവിൽ ആവശ്യമുയർന്നു.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കോൺകോർഡ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജർ വിനോദ് തോമസ്, കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ഗിരീഷ്, കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളജിലെ ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. അനിത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

