നാഗമ്പടത്തെ പൂട്ടിയ കംഫർട്ട് സ്റ്റേഷൻ ഇന്ന് തുറക്കും
text_fieldsനാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ
കോട്ടയം: ഒരു വർഷത്തോളമായി പൂട്ടിക്കിടക്കുന്ന നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തിങ്കളാഴ്ച തുറന്നുപ്രവർത്തിക്കും. മൂന്നു മാസത്തിനകം മുകൾ നിലയിലും പുതിയ ടോയ്ലറ്റ് സമുച്ചയം വരും. ടാങ്കിലെ മാലിന്യം പൂർണമായി നീക്കി കംഫർട്ട് സ്റ്റേഷൻ ശുചീകരിച്ചതായും തിങ്കളാഴ്ച തുറന്നുനൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ അറിയിച്ചു.
മഴക്കാലത്ത് ടാങ്ക് നിറയുന്നതിന് പരിഹാരമായാണ് മുകൾ നിലയിലും ടോയ്ലറ്റ് പണിയുന്നത്. ഇതിന് 34 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കി ടെൻഡർ നടപടി ആരംഭിച്ചു. ബസ് സ്റ്റാൻഡിന് എതിർവശത്തെ ‘കൂട്ടുകാരി’യും ഇതോടൊപ്പം തുറന്നുപ്രവർത്തിപ്പിക്കും.
മഴക്കാലമല്ലാത്തതിനാൽ നിലവിലെ ടാങ്ക് ഉടൻ നിറഞ്ഞുകവിയാനിടയില്ല. മുകളിലെ ടോയ്ലറ്റ് പണി പൂർത്തിയായാൽ മഴക്കാലത്ത് അതുപയോഗിക്കാനാവും.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം സ്റ്റാൻഡ് പരിസരത്ത് പരന്നൊഴുകിയതോടെയാണ് കഴിഞ്ഞ മാർച്ചിൽ കംഫർട്ട് സ്റ്റേഷൻ പൂട്ടിയത്. പരിസരത്ത് ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാരും ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വലിയ ബുദ്ധിമുട്ടിലായിരുന്നു. യാത്രക്കാരും ഏറെ പരാതി ഉയർത്തിയിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് നടപടിയെടുക്കുകയായിരുന്നു.
പുതിയ ടോയ്ലറ്റ് ഏപ്രിൽ ആദ്യത്തോടെ
കോട്ടയം: നാഗമ്പടത്ത് നിലവിലുള്ള കംഫർട്ട് സ്റ്റേഷനുമുകളിൽ പുതിയത് പണിയാൻ ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യത്തോടെ പണി പൂർത്തിയാക്കി തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്. മഴക്കാലത്ത് ടാങ്ക് നിറഞ്ഞുകവിയുന്നതാണ് നിലവിലെ കംഫർട്ട് സ്റ്റേഷന്റെ പ്രശ്നം. മഴക്കാലത്ത് മുകളിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നതോടെ ആ പ്രശ്നത്തിന് പരിഹാരമാകും -എം.പി. സന്തോഷ് കുമാർ, മുനിസിപ്പൽ ചെയർമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

