സ്ഥാനാർഥികൾ ഓട്ടം തുടങ്ങി
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പ്രചാരണത്തിനിടയിൽ
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർഥികളെത്തി. പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞു. സ്ഥാനാർഥികൾ ഓട്ടുതേടി ഓട്ടവും തുടങ്ങി. ഇങ്ങനെ കോട്ടയം ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർഥികളും മുന്നണി നേതൃത്വങ്ങളും ആശങ്കയിൽ. ഇതേ ആവേശത്തില്‍ ഫലപ്രഖ്യാപന ദിവസം വരെ മുന്നോട്ടുപോകാൻ ചെലവേറുമെന്നതാണ് ഇവരിൽ ആശങ്ക നിറക്കുന്നത്.
പ്രചാരണത്തിന് സമയം ലഭിച്ചില്ലെന്ന പരിഭവം ഇക്കുറി ഉണ്ടാകില്ലെങ്കിലും വലിയ ചെലവ് എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് മുന്നണി നേതൃത്വങ്ങൾ. ഇതിനൊപ്പമാണ് പൊള്ളുന്ന ചൂടും. തളരാതെ മുന്നോട്ടുപോകുന്നത് ഏറെ ക്ലേശകരമാണെന്ന് നേതാക്കൾ പറയുന്നു.
കോട്ടയത്ത് ഇരുമുന്നണികളും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ കെണിയായിരിക്കുന്നത്. പൊതുപ്രചാരണം ആരംഭിച്ചില്ലെങ്കിലും യു.ഡി.എഫ്, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമാണ്. രാവിലെ മുതല്‍ രാത്രി വരെ നീളുന്ന ഓട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനും.
കോട്ടയം, എറണാകുളം ജില്ലകളിലായി ആറ് നഗരസഭകള്‍ പൂര്‍ണമായും ഒരു നഗരസഭ ഭാഗികമായും 57 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം. മണ്ഡലത്തിന്റെ ഒരു വശത്തു നിന്ന് മറുഭാഗത്ത് എത്തണമെങ്കില്‍ തന്നെ സമയവും ചെലവുമേറെ. ഏഴുനിയോജക മണ്ഡലങ്ങളിലായി 1197 ബൂത്തുകളാണ് ഉള്ളത്. ബൂത്തുകള്‍ ചലിച്ചു തുടങ്ങിയാല്‍ മാത്രമേ, പ്രചാരണം കൊഴുക്കൂ.
ഓരോ ബൂത്തും ചലിക്കണമെങ്കില്‍ പണം എത്തണം. പല ഘട്ടങ്ങളിലായി പണം എത്തിയാല്‍ മാത്രമേ, തുടക്കത്തിലെ ചൂട് ഒടുക്കം വരെ നിലനിര്ത്താനാകൂകയുള്ളുവെന്ന് നേതാക്കൾ പറയുന്നു. പോസ്റ്ററുകള്‍, ബാനറുകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവയും പ്രചാരണം മുന്നേറുന്നതിനൊപ്പം മാറേണ്ടി വരും. ചുവരെഴുത്ത് മാത്രമേ ഒറ്റത്തവണ ചെലവില്‍ നില്ക്കൂ. എന്നാൽ, ഇവിടെയും യു.ഡി.എഫിനെ കാത്തിരിക്കുന്നത് അധികചെലവാണ്.
സ്ഥാനാർഥിയുടെ ചിഹ്നത്തിൽ വ്യക്തതയില്ലാത്തതിനാൽ നിലവിൽ എഴുതിയിടങ്ങളിലെല്ലാം ഇത് വീണ്ടും വരച്ചുചേർക്കേണ്ടിയും വരും. ചിഹ്നം ഉൾപ്പെടുത്തി വീണ്ടും പോസ്റ്റുകളും ഇറക്കണം. ചിഹ്നം പരിചയപ്പെടുത്തൽ പ്രധാനമായതിനാൽ ഈ ഇനത്തിൽ വലിയൊരുതുക ഇവർക്ക് കണ്ടെത്തേണ്ടിവരും.
കളത്തിലിറങ്ങിയതിനാൽ വേഗം കുറക്കാതെ തിരിച്ചു കയറാനോ കഴിയാത്തതിനാൽ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകണമെന്നാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം കണ്ടെത്തുന്നതും ഇപ്പോൾ വെല്ലുവിളിയാണ്.
മുമ്പൊക്കെ പാര്‍ട്ടി നേതൃത്വങ്ങള്‍ പണം നൽകിയിരുന്നെങ്കിൽ ഇപ്പോള്‍ പ്രാദേശിക നേതൃത്വത്തിന്റെ ചുമലിലാണ് കുടുതൽ ഭാരവും എത്തുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്തതിനാൽ യു.ഡി.എഫ് നേതൃത്വത്തിനാണ് ഇത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത്.
വൈക്കത്ത് നേതൃയോഗങ്ങൾ പൂർത്തീകരിച്ച് എൽ.ഡി.എഫ്
വൈക്കം: മണ്ഡലത്തിലെ മണ്ഡലംതല നേതൃയോഗങ്ങൾ പൂർത്തീകരിച്ച് എൽ.ഡി.എഫ്. സംസ്ഥാന-ജില്ല നേതാക്കന്മാരുടെ സാന്നിധ്യത്തിലാണ് നേതൃയോഗങ്ങളെല്ലാം പൂർത്തിയാക്കിയത്. പ്രചാരണം സജീവമാക്കാൻ യുവജനങ്ങൾ, വിദ്യാർത്ഥികൾ, മഹിളകൾ എന്നിവരുടെ നേതൃയോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവിടങ്ങളിലുമെത്തി. ബൂത്ത്തല കൺവൻഷനുകളും വാർഡ് കൺവൻഷനുമാണ് മുന്നണി ഇനി ലക്ഷ്യമിടുന്നത്.
പ്രചാരണം സജീവമാക്കി പ്രവർത്തകർ
എരുമേലി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ പ്രചരണപ്രവർത്തനങ്ങൾ സജീവമാക്കി. സ്ഥാനാർഥികൾക്കായി ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും പാതയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി ഡോ. ടി.എം. തോമസ് ഐസക്കിനെ തീരുമാനിച്ചതോടെ എൽ.ഡി.എഫ് റോഡ് ഷോ ഒരുക്കി.
എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് നാനാഭാഗങ്ങളിലും ഫ്ലക്സ് ഉയർന്നു. യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചരണവുമായി രംഗത്തുണ്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ എം.പി ഫണ്ട് ചെലവഴിച്ച് ആന്റോ ആന്റണി നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫ് നടത്തുന്നുണ്ട്. പി.സി. ജോർജ് ബി.ജെ.പിയിൽ ചേർന്നതും തെരഞ്ഞെടുപ്പ് ചർച്ചക്ക് ചൂടേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

