കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്‍റെ മുഖമുദ്രയായിരുന്ന കെട്ടിടം ഇനിയില്ല
text_fieldsകോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയ നിലയിൽ, പാതിവഴിയിലെത്തിയ പുതിയ കെട്ടിടവും തൊട്ടപ്പുറത്തായി കാണാം
കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്‍റെ മുഖമുദ്രയായിരുന്നു കെട്ടിടം ഇനിയില്ല. സ്റ്റാൻഡിലെ പഴയ കെട്ടിടം പൂർണമായി പൊളിച്ചുനീക്കി. രണ്ടാഴ്ചത്തെ ജോലികൾക്കൊടുവിലാണ് കെട്ടിടം നിലപതിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചായിരുന്നു ഭാഗങ്ങളായുള്ള പൊളിച്ചുനീക്കൽ. ഇനി കെട്ടിടാവശിഷ്ടങ്ങളും നീക്കി തറനിരപ്പാക്കിയതിനുശേഷം ഈ സ്ഥലം ടൈലിട്ട് നവീകരിച്ച് ബസുകളുടെ പാർക്കിങ് യാർഡാക്കി മാറ്റും. മാർച്ച് 21നായിരുന്നു കെട്ടിടം പൊളിക്കുന്ന ജോലികൾ തുടങ്ങിയത്. കെട്ടിടത്തിനുചുറ്റും മറയടക്കമുള്ളവയും ഒരുക്കിയായിരുന്നു ജോലികൾ. പൊളിക്കുന്നതിന് മുന്നോടിയായി ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടക്കമുള്ളവ താൽക്കാലികമായി കാന്‍റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മുകളിലേക്ക് മാറ്റി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് ഇതടക്കമുള്ള നവീകരണം. ഇതിന്‍റെ ഭാഗമായി തിയറ്റർ റോഡിനോടു ചേർന്ന് 'എൽ' ആകൃതിയിൽ കാത്തിരിപ്പ് കേന്ദ്രവും ഓഫിസും നിർമിക്കും. എന്നാൽ, ഇതിന്‍റെ ജോലികൾ ഇഴയുകയാണ്. മൂന്ന് നിലയിൽ പണിയുന്ന കെട്ടിടത്തിന്‍റെ ആദ്യനിലയുടെ നിർമാണം പകുതി മാത്രമാണ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ദുരിതം നീളുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, കെട്ടിടം പൊളിക്കൽ ജോലികൾ യാത്രക്കാർ വലിയ ദുരിതമായിരുന്നു. ബസുകൾ പുതിയ വഴിയിലൂടെയാണ് കടത്തിവിട്ടിരുന്നത്. ഇത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ താൽക്കാലിക ഷെഡും നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്ന് തിരിയാൻപോലും ഇടമില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ നിന്നാൽ ബസുകളുടെ ബോർഡുകൾപോലും കാണാൻ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. മഴ പെയ്യുന്നതോടെ ദുരിതം ഇരട്ടിക്കും. ചളി നിറയുമെന്നും യാത്രക്കാർ പറയുന്നു. ബസുകൾ കടന്നുപോകുമ്പോൾ വലിയ തോതിലാണ് പൊടി ഉയരുന്നത്. താൽക്കാലിക കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് ഇൻഫർമേഷൻ കൗണ്ടർ തുറക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

