കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെട്ടിടം നാളെ മുതൽ പൊളിക്കും
text_fieldsകോട്ടയം: മുഖംമിനുക്കലിെൻറ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ നിലവിലെ കെട്ടിടം തിങ്കളാഴ്ച മുതൽ പൊളിച്ചുനീക്കിത്തുടങ്ങും. 6.20 ലക്ഷം രൂപക്ക് ഇല്ലിക്കൽ സ്വദേശിക്കാണ് കെട്ടിടം കരാർ. 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കണമെന്നാണ് നിർദേശം.
പൊളിക്കുന്നതിന് മുന്നോടിയായി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. ഇൻഫർമേഷൻ കൗണ്ടറും മാറ്റും. ഇവിടെയുള്ള കടക്കാർക്ക് ഒഴിയാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്. പൊളിച്ചുനീക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ താൽക്കാലികമായി കാന്‍റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മുകളിലേക്കാണ് മാറ്റുന്നത്.
യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യം, അന്വേഷണവിഭാഗം എന്നിവ ഇല്ലാതാകും. ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക ക്രമീകരണമൊരുക്കും. സ്റ്റാൻഡിലേക്ക് ഇപ്പോഴുള്ള വഴിയിലൂടെത്തന്നെ കയറും. തൊട്ടടുത്തെ ടാക്സി സ്റ്റാൻഡിന് സമീപത്തെ റോഡിലൂടെയാകും ഇറങ്ങിപ്പോകുക. ബസുകളുടെ പാർക്കിങ് സൗകര്യം കുറയുന്നതിന് പരിഹാരമായി തിരക്കേറിയ സമയങ്ങളിൽ കോടിമതയിലും ടി.ബി റോഡിലും ബസുകൾ പാർക്ക് ചെയ്യും.
ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയാകും പൊളിക്കുക. പഴയ കെട്ടിടം പൊളിച്ചുനീക്കിയശേഷം ഈ സ്ഥലം ടൈലിട്ട് നവീകരിച്ച് ബസുകളുടെ പാർക്കിങ് യാർഡാക്കി മാറ്റും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് നവീകരണം. ഇതിെൻറ ഭാഗമായി തിയറ്റർ റോഡിനോടുചേർന്ന് 'എൽ' ആകൃതിയിൽ കാത്തിരിപ്പുകേന്ദ്രവും ഓഫിസും നിർമിക്കും. എന്നാൽ, പുതിയ കെട്ടിടത്തിെൻറ പണി ഇഴയുകയാണ്. മൂന്നുനില കെട്ടിടത്തിെൻറ ആദ്യനിലയുടെ നിർമാണം പകുതി മാത്രമാണ് പൂർത്തിയായത്. കരാർ പ്രകാരമുള്ള പണം ലഭിക്കാത്തതുമൂലമാണ് നിർമാണം നിർത്തിയതെന്നാണു കരാറുകാർ പറയുന്നു. അതേസമയം, കെട്ടിടത്തിെൻറ നിർമാണം വേഗത്തിലാക്കുമെന്ന് അധികൃതർ പറഞ്ഞു. കരാറുകാരനു പണം ലഭ്യമാക്കുന്നതിന് നടപടിയായി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കെട്ടിടം പൊളിക്കാനുള്ള തീരുമാനമെത്തുന്നത്. പൊളിക്കാൻ ആദ്യം 6.20 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നഘട്ടം എത്തിയപ്പോൾ 10 ലക്ഷത്തിൽ കുറഞ്ഞ തുകക്ക് കരാർ നൽകരുതെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫിസിൽനിന്ന് നിർദേശമെത്തി. ഇതോടെ കരാർ റദ്ദാക്കി. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ ആദ്യ തുകക്കുതന്നെ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

