ഇവാന്റെ ഓർമയുമായി കടത്തുവള്ളം യാത്ര തുടങ്ങി
text_fieldsഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലിയുടെ നേതൃത്വത്തിൽ തോട്ടകം-ചെട്ടിമംഗലം കടത്തിൽ ആദ്യയാത്ര നടത്തിയപ്പോൾ
വൈക്കം: ഇവാന്റെ ഓർമയിൽ ചെട്ടിമംഗലത്തെ ജനങ്ങൾക്ക് കരയാറിന്റെ മറുകര എത്താം. പി.ഡബ്ല്യു.ഡി കൈവിട്ടതോടെ കഴിഞ്ഞ ഒരുവർഷമായി നിലച്ച ചെട്ടിമംഗലം-തോട്ടകം കടത്താണ് പുനരാരംഭിച്ചത്. ഉദയനാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ദീപേഷ് കഴിഞ്ഞ ജൂണിൽ കരയാറിൽ വള്ളം മുങ്ങിമരിച്ച നാലുവയസ്സുകാരൻ മകൻ ഇവാന്റെ ഓർമാക്കായി രണ്ടുപതിവിന്റെ വള്ളം വാങ്ങി നൽകിയതോടെയാണ് കടത്ത് പുനരാരംഭിച്ചത്.
പഞ്ചായത്തിലെ ചെട്ടിമംഗലംകാർക്കും വൈക്കം നഗരസഭയിലെ കപ്പോളച്ചിറ നിവാസികൾക്കും തലയാഴം തോട്ടകത്തേക്കെത്താനുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത്. കടത്ത് നിലച്ചതോടെ പ്രദേശവാസികൾ കിലോമീറ്റർ ചുറ്റിയാണ് തലയാഴത്തും വൈക്കത്തുമെത്തിയിരുന്നത്. ചെട്ടിമംഗലത്തുനിന്നും തലയാഴത്തേക്ക് എളുപ്പത്തിൽ എത്താൻ കടത്ത് പുനരാരാംഭിക്കണമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു.
പഞ്ചായത്ത് ഇടപെട്ട് പലതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ടെൻഡർ ഏറ്റെടുക്കാനോ കടത്ത് ഏറ്റെടുക്കാനോ തയാറായില്ല. ഇതോടെയാണ് വാർഡ് മെംബർകൂടിയായ കെ. ദീപേഷ് മകൻ ഇവാന്റെ ഓർമാക്കായി വള്ളം നാടിന് സമർപ്പിച്ചത്. വള്ളം ലഭിച്ചതോടെ കടത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കും.
കഴിഞ്ഞ ജൂൺ 21ന് കരിയാറിലൂടെ കുടുംബത്തോടൊപ്പം വള്ളത്തിൽ പോകവെയാണ് നാല് വയസ്സുകാരൻ ഇവാനും മാതൃസഹോദരൻ ശരത്തും വള്ളം മുങ്ങി മരിച്ചത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി കടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ജിനു ബാബു, ശ്യാമള ജിനേഷ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ കെ.ബി. സുബിൻ, കെ.കെ. സാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

