പോസ്റ്റോഫിസ് ചിട്ടി അടച്ച തുക കാണുന്നില്ല നിക്ഷേപകർ പരിഭ്രാന്തിയിൽ
text_fieldsഈരാറ്റുപേട്ട : പോസ്റ്റ് ഓഫിസിൽ തവണ വ്യവസ്ഥയിൽ ചേർന്ന ചിട്ടിത്തുക ഏജന്റ് ഓഫിസിലടക്കാത്തതിനെ തുടർന്ന് നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി. അരുവിത്തുറ പോസ്റ്റോഫിസിൽ ചിട്ടി ചേർന്നവർക്കാണ് പണം നഷ്ടമായത്. വീടുകളിൽ കലക്ഷന് വന്നിരുന്ന പോസ്റ്റ് ഓഫിസ് ജീവനക്കാരി തങ്കമണി മരിച്ചതിനെ തുടർന്ന്, തുക പിൻവലിക്കാൻ ഓഫിസിലെത്തിയവരാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്.
വീടുകളിൽ നൽകിയിരിക്കുന്ന പാസ് ബുക്കിൽ കലക്ഷൻ എടുത്ത തുക കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ ആ തുക ഓഫിസിൽ അടച്ചിട്ടില്ല എന്നാണ് അന്വേഷണത്തിൽ അറിയുന്നത്. പണം നഷ്ടപെട്ടവർ സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചതോടെ കൂടുതൽ പേർ പോസ്റ്റ് ഓഫിസിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് എല്ലാവരും ചതിയിൽ പെട്ട വിവരം അറിയുന്നത്. നിലവിലുള്ള ജീവനക്കാരുമായി സംസാരിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല. നിലവിൽ ചാർജുള്ള പോസ്റ്റ് മാസ്റ്ററും ലീവിലാണെന്നാണ് പറയുന്നത്.
ലക്ഷക്കണക്കിന് രൂപ ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരാതി പറയുന്നവരോട് രേഖാമൂലം പരാതി എഴുതി വാങ്ങി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. നടക്കൽ, കടുവാമുഴി, തെക്കേക്കര പ്രദേശങ്ങളിൽനിന്നുള്ള നിരവധി പേർ പണം നഷ്ടപ്പെട്ടവരിലുണ്ട്.
പോസ്റ്റ് ഓഫിസിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നും ബ്ലോക്ക് ഓഫിസിൽനിന്നോ കലക്ടറേറ്റിൽനിന്നോ ആണ് ചിട്ടി ഏജന്റിനെ നിയമിക്കുന്നതെന്നും പിരിച്ചു കൊണ്ടുവരുന്ന പണം വാങ്ങി അക്കൗണ്ടിൽ രേഖപ്പെടുത്തുന്ന ഉത്തരവാദിത്തം മാത്രമേ തങ്ങൾക്കുള്ളൂവെന്നുമാണ് ജീവനക്കാർ പറയുന്നത്. ഇവിടെ കിട്ടുന്ന പരാതികൾ മേൽ ഉദ്യോഗസ്ഥർക്ക് കൈമാറാൻ മാത്രമേ കഴിയുകയുള്ളൂ എന്നും പോസ്റ്റ് ഒാഫിസ് ജീവനക്കാർ പറയുന്നു.
പോസ്റ്റ് ഓഫിസിന്‍റേത് നിരുത്തരവാദ സമീപനം -ഗുണഭോക്താക്കൾ
ഈരാറ്റുപേട്ട: പണം നഷ്ടപ്പെട്ടവരോട് നിരുത്തരവാദ സമീപനമാണ് പോസ്റ്റ് ഓഫിസ് ജീവനക്കാർ സ്വീകരിക്കുന്നതെന്ന് ഗുണഭോക്താക്കൾ ഒന്നടങ്കം പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി നിയമിക്കുന്ന ജീവനക്കാർ പോസ്റ്റ് ഓഫിസിന്റെ പാസ്ബുക്കും തിരിച്ചറിയൽ കാർഡും മറ്റ് രേഖകളുമായി വന്നത് കൊണ്ടാണ് മാസ ചിട്ടിയിൽ ചേർന്നത്. കൂലിവേല ചെയ്ത് കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം പിടിച്ചാണ് ചിട്ടിയിലേക്ക് പണം അടച്ചത്. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

