താഴത്തങ്ങാടി വള്ളംകളി: മാറ്റുരക്കാന്‍ ഒമ്പത് ചുണ്ടൻ
text_fieldsകോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) ഭാഗമായി 24ന് കോട്ടയം താഴത്തങ്ങാടിയില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് ചുണ്ടന് വള്ളങ്ങള്‍ മാറ്റുരക്കും. സി.ബി.എല്ലിന്റെയും താഴത്തങ്ങാടി കോട്ടയം മത്സര വള്ളംകളിയുടെയും തയാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വള്ളംകളി വന്‍ വിജയമാക്കുന്നതിന് എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികളും കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രാദേശിക സമിതി രൂപവത്കരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചുണ്ടന് വള്ളങ്ങള്‍ക്കുള്ള സമ്മാനം, ബോണസ് തുടങ്ങിയവ നല്‍കുന്നതിനും വിനോദസഞ്ചാര വകുപ്പ് നടപടി സ്വീകരിക്കും. ട്രാക്കിലെ തടസങ്ങള്‍ നീക്കം ചെയ്യാൻ മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. രണ്ടു കരകളിലുമുള്ള മരച്ചില്ലകളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്നതിന് നഗരസഭയും തിരുവാര്‍പ്പ് പഞ്ചായത്തും ക്രമീകരണം ഏര്‍പ്പെടുത്തും.
ഫിനിഷിങ് പോയിന്റില്‍ ആളുകള്‍ അതിക്രമിച്ചു കടക്കുന്നത് തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സംവിധാനമുണ്ടാകും. വള്ളം കളി ട്രാക്കിന്റെ ഭാഗത്ത് ചെറുവള്ളങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വള്ളംകളി നടത്തിപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

