മുഖം മിനുക്കാൻ; താഴത്തങ്ങാടി സൗന്ദര്യവത്കരണം
text_fieldsനവീകരിക്കുന്ന താഴത്തങ്ങാടി വള്ളംകളിയുടെ പവിലിയൻ ഭാഗം
കോട്ടയം: താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ട നവീകരണ ഭാഗമായി ആറ്റുതീരത്തെ സംരക്ഷണ ഭിത്തികൾ പുനർനിർമിക്കും. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഇറിഗേഷൻ വകുപ്പ് എൻജിനീയർമാരായ ജോയി ജനാർദനൻ, ശ്രീകല എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
താഴത്തങ്ങാടി വള്ളംകളിയുടെയും ഉദ്ഘാടന ചടങ്ങിൽ ആറ്റുതീരം സൗന്ദര്യവത്കരിച്ച് നവീകരിക്കുന്ന പദ്ധതിക്ക് 50 ലക്ഷം സർക്കാർ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം വെസ്റ്റ് ക്ലബ് ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ചടങ്ങിൽ താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവത്കരണ പദ്ധതിയുടെ രൂപരേഖ കോട്ടയം നഗരസഭ അംഗം ഷേബ മാർക്കോസും കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യുവും ചേർന്ന് മന്ത്രി റോഷി അഗസ്റ്റ്യന് കൈമാറി. ഇത് പരിഗണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഈ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. വള്ളംകളി പവിലിയന് സമീപത്തെയും ആറിന്റെ പലഭാഗങ്ങളിലെയും സംരക്ഷണഭിത്തികൾ തകർന്ന നിലയിലാണ്. ഇത് പുനർനിർമിക്കും.
അടുത്തഘട്ടത്തിൽ നദീതീരത്തുകൂടി നടപ്പാതയും ഇരിപ്പിടങ്ങളും നിർമിക്കും. അറുപുഴ മുതൽ എടക്കാട്ട് പള്ളിവരെ നടപ്പാതക്കാണ് ആലോചന. ആലുംമൂടിൽ ബോട്ട് ജെട്ടിയും പരിഗണനയിലുണ്ട്. പദ്ധതി രൂപരേഖ തയാറാക്കൽ പുരോഗമിക്കുകയാണ്. നിലവിൽ അനുവദിച്ച 50 ലക്ഷംരൂപ ആദ്യഘട്ട ജോലിക്ക് മാത്രമേ തികയൂ. നടപ്പാതയടക്കമുള്ളവക്ക് കൂടുതൽ തുക ആവശ്യമാണ്.
താഴത്തങ്ങാടി വള്ളംകളി പവിലിയൻ, ഡി.ടി.പി.സിയുടെ ഹെറിറ്റേജ് സോൺ, പാർക്ക് തുടങ്ങിയവയും ഇവിടെയുമുണ്ട്. ആറ്റുതീരം നവീകരിച്ച് നടപ്പാതയടക്കം നിർമിച്ചാൽ വിശ്രമ കേന്ദ്രമാക്കി ഇതിനെ മാറ്റാൻ കഴിയും. നദിയിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയാൽ സഞ്ചാരികളെ അടക്കം ആകർഷിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലവിൽ നദിയുടെ വശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത് ഉടൻ നീക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നവീകരിക്കുന്നവ സംരക്ഷിക്കാനുള്ള നടപടികളും വേണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

