മീനച്ചിലാറ്റിൽ ഇന്ന് തീപ്പൊരി
text_fieldsകോട്ടയം: ഇനി ഏതാനും നിമിഷങ്ങൾ മാത്രം... ആവേശത്തിരയിളക്കത്തിൽ മീനച്ചിലാർ കരകവിയും. തുഴപ്പാടുകൾ കൊണ്ട് വെള്ളത്തിനു മേൽ രാകി തീപ്പൊരി പാറിച്ച് ഒമ്പത് ജലകൊമ്പൻമാർ താഴത്തങ്ങാടിയുടെ വിരിമാറിലൂടെ പായും. നെഹ്റു ട്രോഫിയുടെ തനിയാവർത്തനം പോലെ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീരു എന്നറിയപ്പെടുന്ന വീയപുരം ചുണ്ടൻ ഒന്നാമനാകുമോ..? പുന്നമടയിൽ ഡബിൾ ഹാട്രിക് സ്വപ്നം തകർത്തതിന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ പകരം വീട്ടുമോ..? അല്ലെങ്കിൽ കറുത്തകുതിരകളായി പുന്നമട ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മാറുമോ...? കോട്ടയത്തിന്റെ കരുത്ത് തിരിച്ചുപിടിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ കപ്പടിക്കുമോ...? വള്ളംകളികളിലെ രാജാവായ കാരിച്ചാൽ പ്രതാപം തിരിച്ചുപിടിക്കുമോ...?
താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) ഒമ്പത് ചുണ്ടൻ വള്ളങ്ങളും ഒന്നിനൊന്ന് മികച്ച മത്സരം കാഴ്ചവെക്കുമെന്നിരിക്കെ ജേതാക്കളെ കണ്ടെത്താൻ ഫോട്ടോ ഫിനിഷിങ്ങിലേക്ക് പോകേണ്ടിവരുമെന്നാണ് വള്ളംകളി പ്രേമികൾ കരുതുന്നത്. നെഹ്റു ട്രോഫിയിൽ ഏറ്റവും മികച്ച വേഗം കുറിച്ച ഒമ്പത് ജലരാജാക്കന്മാരാണ് സി.ബി.എല്ലിൽ മാറ്റുരയ്ക്കുന്നത്.
വീയപുരം (വി.ബി.സി, കൈനകരി), നടുഭാഗം (പി.ബി.സി, പുന്നമട), മേൽപ്പാടം (പി.ബി.സി. പള്ളാത്തുരുത്തി), നിരണം (നിരണം ബോട്ട്ക്ലബ്), പായിപ്പാടൻ (കെ.ടി.ബി.സി ബോട്ട്ക്ലബ്, കുമരകം), നടുവിലേപ്പറമ്പൻ (ഇമ്മാനുവേൽ ബോട്ട്ക്ലബ്, കുമരകം), കാരിച്ചാൽ (കെ.സി.ബി.സി, കാരിച്ചാൽ), ചെറുതന (തെക്കേക്കര ബി.സി), ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട്ക്ലബ്) ചുണ്ടനുകൾ.
താഴത്തങ്ങാടിയാറിന്റെ ഇരുകരകളിലും മത്സരം സുഗമമായി കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.15ന് വള്ളങ്ങളുടെ മാസ് ഡ്രിൽ. 2.45ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങും. വിവിധ ഗ്രേഡുകളിലെ വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും.
മന്ത്രി വി.എൻ. വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കലക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തും. മത്സരം കാണാൻ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

