തണ്ണീർമുക്കം ബണ്ട് ഷട്ടർ തുറന്നു തുടങ്ങി
text_fieldsതണ്ണീർമുക്കം ബണ്ട്
കോട്ടയം: കാത്തിരിപ്പിനൊടുവിൽ തണ്ണീർമുക്കം ബണ്ടിന്റെ 10 ഷട്ടർ തുറന്നു. കിഴക്കുവശത്തെ 10 ഷട്ടറാണ് തിങ്കളാഴ്ച യന്ത്രസഹായത്തോടെ തുറന്നത്. ബാക്കി അടുത്തഘട്ടങ്ങളിൽ തുറക്കും. ബണ്ടിൽ നിലവിൽ 90 ഷട്ടറും നാലു നാവിഗേഷൻ ലോക്കുമാണ് പൂർണമായും തുറക്കേണ്ടത്.
ഷട്ടർ അടച്ചതിനെത്തുടർന്ന് മൂന്നു മാസമായി കക്കവാരലും മീൻപിടിത്തവുമില്ലാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും രണ്ടാംകൃഷിക്കായി പാടം ഒരുക്കിയ കർഷകർക്കും ഇത് പ്രയോജനം ചെയ്യും.
പാടശേഖരങ്ങളിൽ ഓരുജല ഭീഷണി ഒഴിവാക്കുന്നതിനാണ് ഷട്ടർ അടക്കുന്നത്. കുട്ടനാട്ടിലടക്കം നെൽകൃഷി വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കൊയ്ത്ത് വൈകിയതാണ് ഷട്ടർ തുറക്കാൻ വൈകിയത്. മലിനീകരണംമൂലം മത്സ്യങ്ങളും ചെമ്മീനുമൊക്കെ കിട്ടാത്തതിനാൽ വേമ്പനാട്ടു കായലോരങ്ങളിലെ നൂറുകണക്കിന് ചീനവലകൾക്കും പ്രവൃത്തിക്കാനാവാത്ത സ്ഥിതിയായിരുന്നു. ബണ്ടിന്റെ തെക്കുഭാഗത്ത് ദേശീയപാത നിർമാണാവശ്യത്തിനായി നടക്കുന്ന അനിയന്ത്രിത മണൽ ഖനനവും മാസങ്ങളായി മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കൊയ്ത്ത് പൂർത്തിയായ പാടങ്ങളിൽ ഉപ്പുകലർന്ന ഓരുവെള്ളം നിറയുന്നത് പാടങ്ങളിൽ കള കിളിർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. മണ്ണിന്റെ പുളിപ്പ് മാറുന്നതിനും ഉപ്പുവെള്ളം ഉപകരിക്കും. കാലവർഷ കാലത്ത് മഴവെള്ളം നിറയുന്നതോടെ ഇത് തോട്ടിലേക്ക് ഒഴുകി മാറുകയും പാടങ്ങൾ കൃഷിക്ക് സജ്ജമാകുകയും ചെയ്യും.
കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്ന തണ്ണീർമുക്കം ബണ്ട് നെൽകൃഷിയുടെ സംരക്ഷകൻകൂടിയാണ്. വർഷത്തിൽ രണ്ടു തവണ കൃഷി ഇറക്കാനും ഇതു സഹായകരമാണ്. വേമ്പനാട്ട് കായലിന്റെ തെക്കൻ ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറാതെ ശുദ്ധജലം നിലനിർത്താൻ ബണ്ട് സഹായിക്കുന്നു. ഇത് കുടിവെള്ള ആവശ്യങ്ങൾക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും പ്രയോജനകരമാണ്. മഴക്കാലത്ത് കിഴക്കൻ മേഖലകളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ ബണ്ടിലെ ഷട്ടറുകൾ സഹായിക്കും.
കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കുകയാണ് വേണ്ടത്. ഇത്തവണ രണ്ടാം കൃഷി വിളവെടുപ്പും പുഞ്ചകൃഷിയും വൈകിയതിനാലാണ് നീണ്ടത്. ഓരുവെള്ളം പാടങ്ങളിൽ കയറി നെൽകൃഷിക്ക് നാശമുണ്ടാക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
ഓരുമുട്ടുകൾ സ്ഥാപിക്കാൻ നടപടി ആവാത്തതിനാൽ കുടിവെള്ള സ്രോതസ്സുകളിൽ ഉപ്പുവെള്ളം ഒഴുകിയെത്തുമോയെന്ന ആശങ്ക പടിഞ്ഞാറൻ മേഖലയിൽ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. വേലിയേറ്റ സമയത്ത് കടലിൽനിന്ന് വേമ്പനാട്ട് കായലിലേക്ക് എത്തുന്ന ഉപ്പുവെള്ളം അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്താതിരിക്കുന്നതിനാണ് ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്.
പുലിക്കുട്ടിശ്ശേരി, കല്ലുമട, താഴത്തങ്ങാടി കളപ്പുരക്കടവ്, സൂര്യകാലടി മന ഭാഗം എന്നിവിടങ്ങളിലും പടിഞ്ഞാറൻ മേഖലയിൽ കായലിനോടു ചേരുന്ന തോടുകളിലുമാണ് മുമ്പ് ബണ്ട് തുറക്കുന്നതിനു മുമ്പ് ഓരുമുട്ട് സ്ഥാപിച്ചിരുന്നത്.
തെങ്ങിൻകുറ്റിയും മുളയും ചളിയും മറ്റും ഉപയോഗിച്ചാണു ഓരുമുട്ട് ഉണ്ടാക്കുന്നത്. ഉദ്യോഗസ്ഥതല മെല്ലെപ്പോക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമാണ് ഓരുമുട്ട് നിർമാണത്തിനു തടസ്സമായത്. സാന്ദ്രത കൂടിയ ഉപ്പുവെള്ളം മോട്ടോറുകൾ കേടാക്കുമെന്നതിനാൽ വാട്ടർ അതോറിറ്റിയുടെ പമ്പിങ് മുടങ്ങി കുടിവെള്ള വിതരണം മുടങ്ങിയേക്കാമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

