തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയരുന്നു; മത്സ്യ സമ്പത്ത് വർധിക്കും; പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ
text_fieldsതണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നപ്പോൾ
കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്താൻ തുടങ്ങിയതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയിൽ. കായലിൽ ഉപ്പുവെള്ളം കയറുന്നത് മത്സ്യങ്ങളുടെ പ്രജനനം വർധിപ്പിക്കുമെന്നതും മത്സ്യലഭ്യത കൂട്ടുമെന്നതുമാണ് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നത്. കായലിലെ മാലിന്യം ഒഴുകിനീങ്ങുന്നതോടെ തോടുകൾ തെളിഞ്ഞൊഴുകാനും തുടങ്ങും.
സാധാരണ ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് ബണ്ട് തുറക്കേണ്ടത്. എന്നാൽ, കുട്ടനാട്ടിലെ വിളവെടുപ്പ് തീരാൻ വൈകുന്നത് ബണ്ട് തുറക്കലിനെയും ബാധിക്കും. ഉപ്പുവെള്ളം കയറി കൃഷി നശിക്കുമെന്നതിനാൽ നെൽകർഷകർക്ക് ബണ്ട് തുറക്കുന്നത് തിരിച്ചടിയാണ്. കൃഷി തീരുന്ന മുറക്കാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുക. ഇത്തവണ ഒരുമാസത്തോളം വൈകി ഈ മാസം 11നാണ് ബണ്ടിന്റെ ഷട്ടറുകൾ തുറന്നുതുടങ്ങിയത്.
ഉപ്പുവെള്ളത്തിലാണ് മത്സ്യങ്ങളുടെ പ്രജനനം കാര്യക്ഷമമായി നടക്കുക. പ്രത്യേകിച്ച് കൊഞ്ചിന്റെ മുട്ട വിരിയുക ഉപ്പുവെള്ളത്തിലാണ്. ബണ്ടിനിപ്പുറം കൊഞ്ചിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായാലും അത് ഉപ്പുവെള്ളം തേടി പോവുമെന്നും അടച്ചിട്ട ഷട്ടറിൽ തട്ടി ചാവുമെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടുതന്നെ കായലിൽ കൊഞ്ച് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, 365 ദിവസവും പ്രജനനശേഷിയുള്ളതിനാൽ കരിമീൻ വംശനാശം സംഭവിക്കാതെ രക്ഷപ്പെടുന്നു. ബണ്ട് കായലിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ബണ്ട് വരുന്നതിമുമ്പ് 16 ലക്ഷം ടൺ കൊഞ്ച് ഉൽപാദനം നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ലക്ഷം ടണ്ണായി ചുരുങ്ങി. 172 ഇനങ്ങൾ മത്സ്യങ്ങളുണ്ടായിരുന്ന കായലിൽ ഇപ്പോൾ 40ഓളം ഇനങ്ങളേ അവശേഷിക്കുന്നുള്ളൂ എന്ന് പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

