ഭാര്യയുടെ അമ്മാവനെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു
text_fieldsതലയോലപ്പറമ്പ്: കുടുംബത്തർക്കം പരിഹരിക്കാൻ എത്തിയ ഭാര്യയുടെ അമ്മാവനെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. അടിയം പാലക്കൽ ഷാജിക്കാണ് (58) വെട്ടേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ചെമ്മനാകരി ഇൻഡോ- അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പം ഉണ്ടായിരുന്ന ബന്ധു അടിയം കൊച്ചുപറമ്പിൽ വിമേഷിനും (41) സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് മിഠായിക്കുന്നം ജയേഷ് ഭവനിൽ ജയേഷിനെ (39) പൊലീസ് പിടികൂടി. യുവാവും ഭാര്യയുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു ഇരുവരും.
ചർച്ചക്കിടെ പ്രകോപിതനായ യുവാവ് ഷാജിയെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. പിടിച്ചുമാറ്റുന്നതിനിടെയാണ് വിമേഷിന് പരിക്കേറ്റത്. സംഭവശേഷം ഒളിവിൽപോയ ജയേഷിനെ തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.എസ്. ജയൻ, എസ്.ഐ പി.എസ്. സുധീരൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.