മാലിന്യക്കൂമ്പാരം; പ്രഹസനമായി സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം
text_fieldsടോൾ-പാലാംകടവ് റോഡിലെ മാലിന്യം
തലയോലപ്പറമ്പ്: സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടായി തെരുവോരങ്ങളിലെ മാലിന്യക്കൂമ്പാരം. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത് കഴിഞ്ഞദിവസമാണ്. എന്നാൽ, പഞ്ചായത്തിലെ പ്രധാന റോഡരികുകളിൽ പഞ്ചായത്തുതന്നെ സംഭരിച്ചുകൂട്ടിയ മാലിന്യം ദുർഗന്ധം പരത്തുകയാണ്.
വീടുകളിൽനിന്ന് സംഭരിച്ച മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ടോൾ-പാലാംകടവ് റോഡിന്റെ പല ഭാഗങ്ങളിലാണ്. പരിസരത്തെ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തിയാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇവിടെനിന്ന് മാലിന്യം നീക്കംചെയ്യുമെന്ന് അധികൃതർ പറഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും നടപടിയുണ്ടായില്ല. മറവൻതുരുത്ത് പഞ്ചായത്തിലെ ടോൾ ഭാഗത്തും ചുങ്കം പണ്ടാരച്ചിറയിലുമാണ് മാലിന്യക്കൂമ്പാരം ഏറെയുള്ളത്.
മാലിന്യക്കൂമ്പാരം നീക്കംചെയ്യാൻ വൈകിയാൽ ബഹുജന സമരത്തിന് നേതൃത്വം നൽകുമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷിബു അറിയിച്ചു.