കവർച്ചാസംഘത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചുനൽകിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsതലയോലപ്പറമ്പ്: കവർച്ചാസംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചുനൽകിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി ഹരീന്ദ്ര ഇർവിനെയാണ് (40) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തലയോലപ്പറമ്പ് വടകര സ്വദേശിനി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളിന് ഇയാൾ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചുനൽകുകയായിരുന്നു.
വീട്ടമ്മയുടെ മാല നഷ്ടപ്പെട്ട കേസില്‍ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനയിൽ വണ്ടി നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇത് വ്യാജമായി നിർമിച്ചത് ഹരീന്ദ്ര ഇർവിനാണ് കണ്ടെത്തുകയും പാലക്കാട്ടുനിന്ന് പിടികൂടുകയുമായിരുന്നു. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, തലയോലപ്പറമ്പ് എസ്.ഐ ടി.ആർ. ദീപു, എ.എസ്.ഐ സിനോയ്, സി.പി.ഒമാരായ ഗിരീഷ്, പ്രവീൺ, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.