ആശക്ക് ഒടുവിൽ 'സ്വപ്ന'വീടായി
text_fieldsആശയുെട പുതിയ വീട്
തലയോലപ്പറമ്പ്: പുതുവത്സര ദിനത്തിൽ സ്വപ്ന വീടിെൻറ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ആശയുടെ കണ്ണുകൾ നിറഞ്ഞു. പകൽ തെരുവോരത്തും രാത്രിയിൽ അടച്ചുറപ്പില്ലാത്ത വീട്ടിലുമായി കഴിഞ്ഞുകൂടിയിരുന്ന കാലത്തിന് വിടനൽകി അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള വീട് ലഭിച്ചതിെൻറ സന്തോഷമായിരുന്നു ആ കണ്ണുകളിൽ.
ചേമ്പാല കോളനിയിൽ താമസിക്കുന്ന ആശയുടെ വീടെന്ന സ്വപ്നത്തിന് നാലുവർഷത്തെ പഴക്കമുണ്ട്. 2016ൽ ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി മൂന്നു സെൻറ് സ്ഥലത്ത് വീട് അനുവദിക്കുമ്പോൾ മരണമടഞ്ഞ അമ്മ ഐഷ ബീവിയുടെ പേരിലുള്ള സ്ഥലത്തിെൻറ പട്ടയം നഷ്ടപ്പെട്ടിരുന്നു.
വാർഡ് മെംബർ സജിമോൻ വർഗീസിെൻറ പ്രയത്നഫലമായി പട്ടയം അനുവദിച്ചുകിട്ടി. സഹോദരനും തെൻറ വീതത്തിലുള്ള സ്ഥലം ആശക്ക് നൽകി. ഇതോടെ തലയോലപ്പറമ്പ് പഞ്ചായത്തിൽനിന്ന് നാലുലക്ഷം രൂപ വീട് നിർമാണത്തിന് അനുവദിച്ചു. തലയോലപ്പറമ്പ് സെൻറ് ജോർജ് പള്ളി വിൻസെൻറ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ഭവനനിർമാണം ആരംഭിച്ചു.
സമയബന്ധിതമായി പണി പൂർത്തിയാക്കിയ വീടിെൻറ താക്കോൽ ദാനം സെൻറ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡൻറ് ഷാജിമോൾ, മെംബർ സജിമോൻ വർഗീസ്, വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രസിഡൻറ് ഔസേപ്പ് വർഗീസ് നടുവിലെക്കുറിച്ചി എന്നിവർ ചേർന്ന് നിർവഹിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് പാലച്ചുവട്ടിൽ, ജോസഫ് മേച്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.