കൃഷിമന്ത്രി കർഷകനായി; ആവേശത്തിൽ വിദ്യാർഥികൾ
text_fieldsകൃഷിമന്ത്രി പി. പ്രസാദ് തലയോലപറമ്പ് വടയാർ ഇൻഫന്റ് ജീസസ് സ്കൂൾ കുട്ടികളുടെ
കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തപ്പോൾ
തലയോലപ്പറമ്പ്: കർഷകവേഷത്തിൽ അരിവാളേന്തി കൊയ്യാനെത്തിയ വിദ്യാർഥികൾക്കൊപ്പം കർഷകനായി കൃഷിമന്ത്രി പി. പ്രസാദ്. പാളത്തൊപ്പി ധരിച്ച് മുണ്ടുമടക്കിക്കുത്തിയ മന്ത്രി നെൽക്കതിർ കൊയ്തെടുത്തപ്പോൾ നീണ്ടകൈയടിയുമായി അവർ ഒപ്പംനിന്നു. തലയോലപറമ്പ് വടയാർ ഇൻഫന്റ് ജീസസ് സ്കൂൾ വളപ്പിലെ ഒരേക്കർ സ്ഥലത്ത് വിദ്യാർഥികൾ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ജീവശാസ്ത്ര അധ്യാപിക ബീന തോമസിന്റെ നേതൃത്വത്തിൽ ഹരിതം ക്ലബിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നാലുമാസം മുമ്പാണ് നിലമൊരുക്കി നെൽകൃഷി ചെയ്തത്. ഞാറുനട്ടതും കളപറിച്ചതും വളമിട്ടതുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. കരനെല്ലിനു പുറമെ ചാക്കിൽ കപ്പ, ചോളം, ജൈവപച്ചക്കറി കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട്. അക്ഷര ഷാജി, അക്ഷയ ഷാജി, ആർഷ രാജൻ തുടങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കരനെൽകൃഷി.
സ്കൂൾ മാനേജർ ഫാ. ജോൺസൺ കൂവേലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഞ്ജു ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതിദാസ് തുടങ്ങിയവർ പങ്കെടുത്തു.