ചൂടേറി, പാനീയകടകളിൽ ആളേറെ
text_fieldsകോട്ടയം ചാലുകുന്നിൽ വഴിയോരത്തെ ജ്യൂസ് കടയിൽനിന്നുള്ള ദൃശ്യം
കോട്ടയം: ജില്ലയിൽ ചൂടേറിയതോടെ നഗരത്തിലെ കരിക്ക്, സംഭാരം, ജ്യൂസ് തുടങ്ങിയ പാനീയ വിൽപനയും വർധിച്ചു. കുറഞ്ഞവിലയിൽ ലഭിക്കുന്ന ജ്യൂസുകൾ വേനൽക്കാലത്ത് ആശ്വാസമാവുകയാണ്. ശീതളപാനീയങ്ങളേക്കാൾ ദീർഘദൂര യാത്രക്കാർ തെരഞ്ഞെടുക്കുന്നത് സംഭാരമാണ്. കൂജയിലെ തണുപ്പിച്ച സംഭാരത്തിന്റെ കുളിർമയിൽ ചൂടിനൊപ്പം വിശപ്പും മറക്കുമെന്നതാണ് പ്രധാന കാരണം. ഒരു കൂജ സംഭാരത്തിന് 25 രൂപ മുതലാണ് വില. തണ്ണിമത്തനും പൊട്ടുവെള്ളരിയും അടങ്ങുന്ന പാനീയങ്ങളുമായി വഴിയോരക്കച്ചവടക്കാർ പ്രധാന രോഡരികുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
തണ്ണിമത്തൻ, കാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ ജ്യൂസുകൾക്കും ഡിമാൻഡേറെയാണ് വിപണിയിൽ. പുതുതലമുറയെ ആകർഷിക്കാൻ ഉൾപ്പെടെ കുറഞ്ഞവിലയിലാണ് ജ്യൂസുകളുടെ വിൽപന. 20 രൂപ മുതലാണ് ജ്യൂസുകൾക്ക് വില ഈടാക്കുന്നത്. കോളജ്, സ്കൂൾ വിദ്യാർഥികളാണ് പ്രധാന ഉപഭോക്താക്കൾ. കൂടാതെ, 20 രൂപയുടെ ഷെയ്ക്കുകളും വിപണിയിൽ ലഭ്യമാണ്. വേനൽചൂടിന്റെ കാഠിന്യം ദിനംപ്രതി വർധിക്കുകയാണ്. ഇതോടെ, ഇളനീർ വിപണിയും സജീവമായി. പാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളിലും ഇളനീർ വ്യാപാരവും ശീതള പാനീയങ്ങളുടെയും വിപണി തകൃതിയായി. ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്ത്നിന്ന് എത്തിക്കുന്ന കരിക്കുകൾ വാഹനങ്ങളിൽ വിവിധ ഭാഗങ്ങളിലെ പാതയോരത്ത് എത്തിച്ചാണ് വിൽപന.
നാടൻ കരിക്കുകൾക്ക് 30 മുതൽ 50 വരെയാണ് വില. കൂടാതെ, കരിമ്പും വിപണിയിൽ ഉണ്ട്. 30 രൂപയാണ് വില. കുമരകം, കാഞ്ഞിരം എന്നിവിടങ്ങളിൽ നിന്നാണ് ഇളനീരുകൾ വിൽപനക്കായി എത്തിക്കുന്നത്. കൂടാതെ, പാലക്കാടൻ ഇളനീരുകളും വിപണിയിൽ എത്തുന്നുണ്ട്. ചെന്തെങ്ങിന്റെ കരിക്കിന് 50 രൂപയാണ് വില. ചെന്തെങ്ങിനും നാടൻ കരിക്കിനുമാണ് കൂടുതൽ ഡിമാൻഡ്.
വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം. ഇത്തവണ വേനൽചൂട് നേരത്തെയായതിനാൽ, വിപണിക്ക് അനുകൂലമായി. മുൻവർഷങ്ങളിലേതിനേക്കാൾ കച്ചവടം മെച്ചപ്പെട്ടതായി വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

