ഉയരുന്ന താപനില; വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണം കരുതൽ
text_fieldsകോട്ടയം: സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്കിടെ, വളര്‍ത്തുമൃഗങ്ങള്‍ക്കും കരുതൽ വേണമെന്ന നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്. ക്ഷീരകർഷകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വകുപ്പിന്റെ അറിയിപ്പ്.
ക്ഷീരമേഖലയിലാണ് ചൂട് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം ശരാശരി 6000 ലിറ്ററിന്റെ കുറവാണ് ജില്ലയില്‍ പാൽ ഉൽപാദനത്തിലുണ്ടായിരിക്കുന്നത്. കടുത്ത വേനൽദിനങ്ങൾ വരാനിക്കെ, പാൽ ഉൽപാദനം ഇനിയും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ.
വെള്ളത്തിനും തീറ്റപ്പുല്ലിനുമുള്ള ക്ഷാമവും കർഷകർക്ക് തിരിച്ചടിയാകും. കടുത്ത ചൂടില്‍ തളര്‍ന്ന് സങ്കരയിനം പശുക്കളില്‍ പാൽ ഉല്പാദനം കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. ചൂടു കൂടുന്നതിനെത്തുടര്ന്നുണ്ടാകുന്ന രോഗങ്ങള്‍, കുത്തിവെച്ചാല്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വേറെ.
ഉയര്‍ന്ന ശരീരോഷ്മാവ്, കിതപ്പ്, തീറ്റയോടുള്ള മടുപ്പ്, പാല് ഉല്പാദനം കുറയല്‍, വായില്‍നിന്ന് നുരയും പതയുമൊലിക്കല്‍, മൂക്കില്‍നിന്ന് നീരൊലിപ്പ്, നാക്ക് പുറത്തേക്കിട്ട് ചുഴറ്റല്‍, വായ് തുറന്നുപിടിച്ചുള്ള ശ്വാസമെടുപ്പ്, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, വിറയല്‍, തറയില്‍ കിടക്കാനുള്ള വിമുഖത എന്നിവയെല്ലാം പശുക്കളിലെ വേനല്സമ്മര്ദത്തിന്റെ ലക്ഷണങ്ങളാണ്.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പശുക്കളെ പാടത്തും തണലില്ലാത്ത കര പ്രദേശങ്ങളിലും കെട്ടരുതെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. ചൂടേറുമ്പോള്‍, പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. പകല്‍ 11നും മൂന്നിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും ഒഴിവാക്കണം.
തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. സൗകര്യമുണ്ടെങ്കിൽ തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാം. തെങ്ങിന്റെ ഓല ഗ്രീന്‍ നെറ്റ്, ടാർപോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരക്ക് കീഴെ അടിക്കൂര ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറക്കും. സ്പ്രിങ്ഗ്ലര്‍, ഷവര്‍ എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കാം.
എന്നാൽ, എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ, തൊഴുത്തില്‍ പശുക്കളെ ഇടക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിനു മുകളില്‍ സ്പ്രിംഗര്‍ ഒരുക്കി മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പശുക്കള്‍ക്ക് മാത്രമല്ല, മറ്റ് അരുമ മൃഗങ്ങള്‍ക്കും വേനല്‍ക്കാലത്ത് പ്രത്യേക സംരക്ഷണം ആവശ്യമാണെന്നു മൃഗഡോക്ടര്‍മാര്‍ പറയുന്നു. പോത്ത്, എരുമ എന്നിവക്ക് ആവശ്യത്തിനു വെള്ളം ഉറപ്പാക്കണം. കോഴികള്‍ക്കും ലൗബേര്ഡ്സിനുമൊക്കെ ശുദ്ധജലം ഉറപ്പാക്കണമെന്നും ഇവർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

