തേക്ക് വിപണിയിൽ കുരുങ്ങി കർഷകർ; ബാധ്യതയായി വിലയിടിവും നിയന്ത്രണവും
text_fieldsകോട്ടയം: കർഷകരുടെ പ്രതീക്ഷകൾ തച്ചുടച്ച് തേക്ക് വിപണിയിലെ വിലയിടിവും വിൽപനയിലെ നിയന്ത്രണങ്ങളും. ഇതോടെ വലിയ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ വ്യാപകമായി നട്ടുവളർത്തിയ തേക്ക് മരങ്ങൾ കർഷകർക്ക് ബാധ്യതയാകുകയാണ്. ചുവപ്പുനാടയുടെ നൂലാമാലകൾ മൂലം കച്ചവടക്കാർ തടി വാങ്ങാൻ താൽപര്യം കാണിക്കുന്നില്ല. നിലവിൽ ഒരു ക്യുബിക് അടി തേക്കിന് വില 2000 രൂപയിൽ താഴെയാണ്. തടികൾ വിദേശത്തുനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുന്നതോടെ വില ഇനിയും ഇടിയുമെന്നാണ് കർഷകരുടെ ആശങ്ക. മുൻകാലങ്ങളിൽ ക്യുബിക് അടിക്ക് 7000 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്നു. നൂറിഞ്ചിന് മുകളിൽ വണ്ണമുള്ള തേക്കുകൾക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചിരുന്നത്. വർഷങ്ങളായി സർക്കാറും കർഷകരെ തേക്ക് വെച്ചുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാൽ ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഹെക്ടർ വനഭൂമി വെട്ടിത്തെളിച്ചതിനെ തുടർന്നുള്ള തടികൾ വിഴിഞ്ഞം, മംഗലാപുരം തുറമുഖങ്ങൾ വഴി കൂടുതലായി എത്തുന്നത് കർഷകർക്ക് തിരിച്ചടിയായി. കൂടാതെ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ തേക്ക് വെച്ചുപിടിപ്പിച്ചതും കർഷകരുടെ വെല്ലുവിളി ഇരട്ടിയാക്കി. കായ്ഫലമില്ലാത്ത തേക്ക് പോലുള്ള മരങ്ങൾ വനമേഖലയിൽ വൻതോതിൽ വെച്ചുപിടിപ്പിച്ചത് മലയോരമേഖലയിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമായതായും കർഷകർ പറയുന്നു.
വളർച്ചയുടെ ഏത് ഘട്ടത്തിലും വെട്ടിവിൽക്കാൻ സാധിക്കുന്നതും വെട്ടിയ കുറ്റിയിൽനിന്ന് വീണ്ടും കിളിർക്കുന്നതുമാണ് തേക്കിന്റെ പ്രത്യേകത. നിലവിൽ തേക്ക് വെട്ടി പുറത്ത് കൊണ്ടുപോകണമെങ്കിൽ ഭൂമിയുടെ ആധാരത്തിന്റെ കോപ്പിയും കരമടച്ച രസീതുമായി വില്ലേജ് ഓഫിസർക്ക് അപേക്ഷ നൽകണം. ഓഫിസർ സ്ഥലം സന്ദർശിച്ച് നൽകുന്ന അനുമതിയുമായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലെത്തി പാസ് വാങ്ങണം തുടങ്ങിയവയാണ് നടപടികൾ.
രാജവൃക്ഷ പദവിയുള്ളതിനാൽ തടിക്കായി തേക്ക് വെട്ടണമെങ്കിൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങണം. ഇതിന് പുറമേ ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വൻതോതിൽ തടി ഇറക്കുമതി ചെയ്യുന്നതും തേക്ക് വളർത്തിയവരുടെ പ്രതീക്ഷക്ക് മേൽ കരിനിഴൽ വീഴ്ത്തി. തേക്ക് വിൽപനക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

