പ്രതിസന്ധിയിൽ തേക്ക് കൃഷി; തൈകൾ കിട്ടാനില്ല
text_fieldsകോട്ടയം: തേക്കുതടി വിപണി പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടും തൈകളുടെ ലഭ്യതക്കുറവ് തിരിച്ചടിയാകുന്നു. കുറേവർഷമായി വിലയിടിഞ്ഞിരുന്ന തേക്ക് തടി വ്യവസായം ഒരുവർഷമായി തടിവില വർധനയെ തുടർന്ന് ലാഭകരമായ നിലയിലാണ്. ഇതിനുപിന്നാലെ തേക്ക് കൃഷിയിറക്കാൻ തയാറെടുത്ത കർഷകർക്ക് തൈകൾ ലഭ്യമല്ലാത്തത് കനത്ത തിരിച്ചടിയായി.
നിലമ്പൂർ തേക്കിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. സാധാരണയായി ഇവയുടെ തൈകളോ വേരുകളോ (സ്റ്റമ്പുകൾ) ആണ് നടുന്നത്. വനംവകുപ്പ് നഴ്സറികൾ വഴിയാണ് കർഷകർക്ക് ഇവ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ വനംവകുപ്പിന് ഇത് തയാറാക്കാൻ കഴിയാത്തത് പ്രതിസന്ധിയായി. വിലവർധന പ്രതീക്ഷിക്കാതിരുന്നതാണ് തൈകൾ സംഭരിക്കാൻ വനംവകുപ്പിന് കഴിയാതിരുന്നത്. സ്വകാര്യ നഴ്സറികളിലും തൈ സുലഭമല്ല. ഇതോടെ ഇത്തവണത്തെ മഴക്കാലത്ത് തുടങ്ങേണ്ട തേക്ക് കൃഷി പ്രതിസന്ധിയിലായി. സമീപകാലത്തെങ്ങുമില്ലാത്ത വിധം തേക്ക് തടിക്ക് വില ഉയർന്ന സാഹചര്യത്തിലാണ് തൈകളുടെ ലഭ്യതക്കുറവ്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലടക്കം തേക്ക് തടിക്ക് ആവശ്യക്കാരേറിയതാണ് കേരളത്തിൽ വില ഉയരാൻ കാരണം.
മുമ്പ് ജനൽ, വാതിൽ, കട്ട്ള തുടങ്ങിയവ നിർമിക്കാൻ തടിയായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. സ്റ്റീൽ, സിമന്റ് റെഡിമെയ്ഡ് ജനാലയും കതകുകളും മറ്റും എത്തിയതോടെ തടി ഉപയോഗം കുത്തനെ കുറഞ്ഞു. എന്നാൽ ചൈനീസ് ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ പരാതികൾ ഉയർന്നതോടെ തടിക്ക് വീണ്ടും ആവശ്യക്കാർ ഏറി. കൂടാതെ വെട്ടിയ തടി കൊണ്ടുപോകുന്നതിന് അന്തർ സംസ്ഥാന നികുതി കേന്ദ്ര സർക്കാർ ഏകീകരിച്ചതും കച്ചവടക്കാർക്ക് സഹായകമായി. അതോടെ തേക്ക് തടി വിലയിൽ വൻ വർധനവുണ്ടായി.
മുൻകാലങ്ങളിൽ ക്യുബിക് അടി കണക്കിലായിരുന്നു വിലയിട്ട് കച്ചവടങ്ങൾ നടന്നതെങ്കിൽ ഇപ്പോൾ ടൺകണക്കിനും വില നൽകുന്നുണ്ട്. 80 ഇഞ്ചിന് മുകളിൽ വണ്ണമുള്ള തടികൾക്ക് ക്യുബിക്ക് അടിക്ക് 12000 രൂപ മുതൽ 13000 രൂപ വരെ ആയിരുന്നത് ഇപ്പോൾ 17000 മുതൽ 20000 രൂപ വരെയായി. 40 ഇഞ്ചിന് താഴെ വണ്ണമുള്ള തടികൾ കച്ചവടക്കാർ എടുത്തിരുന്നത് വളരെ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ 40 ഇഞ്ചിൽ കുറവായവക്ക് ടണ്ണിനാണ് വില നൽകുന്നത്. ഒരു ടണ്ണിന് 12000 രൂപ വരെ ഇതിന് നൽകുന്നുണ്ട്. കച്ചവടം നടത്താനായി ഉത്തരേന്ത്യയിൽ നിന്നടക്കം ഏജന്റുമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കർഷകർക്ക് അനുകൂല സാഹചര്യമാണ്. വരുംകാലങ്ങളിൽ സമാനനില തുടരുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. ഇതേതുടർന്ന് റബർകൃഷി ഒഴിവാക്കിയവർ അടക്കം നിരവധി പേരാണ് തേക്ക് കൃഷി ചെയ്യാനൊരുങ്ങുന്നത്. എന്നാൽ ഗുണനിലവാരമുള്ള തൈകളുടെയും സ്റ്റമ്പിന്റെയും ലഭ്യതക്കുറവ് ഇവരെയെല്ലാം പിന്നോട്ടുവലിച്ചു.
മഴക്കാലം തുടങ്ങുമ്പോഴാണ് സാധാരണ തേക്ക് തൈകൾ നടുന്നത്. അതിനായി കാത്തിരുന്നവർക്കാണ് തിരിച്ചടി നേരിട്ടത്. ഈ സാഹചര്യത്തിൽ തൈകളും സ്റ്റമ്പുകളും വനം വകുപ്പിന്റെ നഴ്സറികൾ വഴി വിതരണം ചെയ്യണമെന്നും തേക്ക് കൃഷിക്കുണ്ടായിരുന്ന വനംവകുപ്പിന്റെ സബ്സിഡി പദ്ധതി പുനഃസ്ഥാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

