ടാപ്പിങ് നിലച്ച് 1,76,585 ഹെക്ടർ തോട്ടം; ‘ഏറ്റെടുപ്പിക്കാൻ’ റബർ ബോർഡ്
text_fieldsകോട്ടയം: ടാപ്പിങ് നടത്താതെ റബർതോട്ടം കൈവിടുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ, ഏറ്റെടുക്കാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി റബർബോർഡ് രംഗത്ത്. ടാപ്പിങ് നിലച്ച തോട്ടങ്ങൾ ഏറ്റെടുക്കാൻ താൽപര്യമുള്ളവരെയും വിട്ടുകൊടുക്കാൻ തയാറുള്ള ഉടമകളെയും കണ്ടെത്താൻ ‘ഐ.എൻ.ആർ കണക്ട്’ ആണ് വികസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് രാജ്യത്ത് 1,76,585 ഹെക്ടർ സ്ഥലത്ത് ടാപ്പിങ് നടത്തുന്നില്ല. ടാപ്പ് ചെയ്യാൻ സാധ്യമായ 7,53,885 ഹെക്ടറിൽ 5,77,300ൽ മാത്രമാണ് റബർ മരങ്ങൾ വെട്ടി പാലെടുക്കുന്നത്. ഇതിലൂടെ രണ്ടരലക്ഷം കിലോഗ്രാമിലധികം ഉൽപാദനനഷ്ടം ഉണ്ടാകുന്നതായാണ് ബോർഡിന്റെ കണക്ക്. ടാപ്പിങ് തൊഴിലാളികളുടെ ലഭ്യതക്കുറവാണ് തോട്ടങ്ങൾ വെറുതെകിടക്കാനുള്ള പ്രധാന കാരണമായി ബോർഡ് വിലയിരുത്തുന്നത്. ഇതോടെയാണ് കർഷകരെയും ടാപ്പ് ചെയ്യാതെ കിടക്കുന്ന തോട്ടങ്ങൾ ഏറ്റെടുത്ത് വിളവെടുക്കാൻ താൽപര്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള ശ്രമം. റബറിന് വിലയില്ലാതെ പ്രതിസന്ധി നേരിട്ട സമയത്ത് പലരും തോട്ടങ്ങൾ ടാപ്പ് ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. ഇവരിൽ ഒരുവിഭാഗം ഇപ്പോഴും ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല.
നാട്ടിൽ ഇല്ലാത്തവർക്കും വിവിധ കാരണങ്ങളാൽ തോട്ടങ്ങൾ ശരിയായവിധം പരിപാലിക്കാൻ കഴിയാത്തവർക്കും ഈ ക്രമീകരണം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ഓൺലൈനായി രജിസ്ട്രേഷൻ അടക്കമുള്ളവ നടത്താൻ കഴിയുമെന്നതിനാൽ വിദേശത്തുള്ളവർക്കും ഇതിന്റെ ഭാഗമാകാൻ കഴിയും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്തശേഷം ചർച്ച നടത്തിയാകും അന്തിമ തീരുമാനത്തിലേക്ക് എത്തുക. ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരെന്ന നിലയിലാകും ബോർഡിന്റെ ഇടപെടൽ. ഒപ്പം തോട്ടമുടമയുടെയും തോട്ടമേറ്റെടുത്ത് വിളവെടുക്കാൻ തയാറാകുന്ന കക്ഷിയുടെയും ആധികാരികത റബർ ബോർഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ടവർക്ക് ആവശ്യാനുസരണം നൈപുണ്യ വികസനം, തോട്ടം പരിപാലനം മുതലായവയിൽ പരിശീലനവും ബോർഡ് നൽകുമെന്ന് അധികൃതർ പറയുന്നു.
ഉടമകളിൽനിന്ന് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിങ്ങും പരിപാലനവും നടത്തുന്ന സംരംഭകരും പ്രസ്ഥാനങ്ങളും നിലവിൽ കേരളത്തിൽ തന്നെയുണ്ട്. പ്രവർത്തന ചെലവുകളും സേവനം നൽകിയതിനുള്ള കൂലിയും ആദായത്തിൽനിന്ന് എടുത്തശേഷം ബാക്കി തുക ഉടമകൾക്ക് നൽകുന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനം. ഇവർക്കൊപ്പം പുതിയ പ്രസ്ഥാനങ്ങളും ഈ മേഖലയിലേക്ക് കടന്നുവരാൻ പുതിയ പദ്ധതി വഴിയൊരുക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

