വിൽപനക്കെത്തിച്ച കഞ്ചാവുമായി പ്രതി പിടിയിൽ
text_fieldsഷെറോൺ നജീബ്
കോട്ടയം: സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായുള്ള പൊലീസ് പരിശോധനയിൽ ചങ്ങനാശ്ശേരിയിൽ നിന്ന് 7.8 കിലോ കഞ്ചാവ് പിടികൂടി. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് 7.802 കിലോ കഞ്ചാവുമായി ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷെറോൺ നജീബിനെയാണ് (44) ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്.
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ലഹരിവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളെയും ലഹരി കേസിൽ ഉൾപ്പെട്ടവരെയും നിരീക്ഷണം നടത്തിവരികയായിരുന്നു.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം എസ്.എച്ച്.ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സന്ദീപ്, രാജേഷ്, സീനിയർ സി.പി.ഒ ക്രിസ്റ്റഫർ, സി.പി.ഒമാരായ പ്രശാന്ത് അഗസ്റ്റിൻ, രാജീവ്, രഞ്ജിത്ത്, പ്രദീഷ് എന്നിവരടങ്ങുന്ന സംഘവും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ കച്ചവടം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളിലാക്കിയ കഞ്ചാവ് വിദ്യാർഥികൾക്കിടയിൽ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. പിടിയിലായ ഷെറോൺ നജീബ്, ചങ്ങനാശ്ശേരി എക്സൈസ് സ്റ്റേഷനിലെ എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ 2016ൽ എൻ.ഡി.പി.എസ് കേസും 2009, 2010 വർഷങ്ങളിൽ അടിപിടി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

