സ്വർണവും പണവും കവർന്ന പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
text_fieldsചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചുകയറി സ്വർണവും പണവും കവർന്ന് കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ഷിബു സാമുവലിനെ (51) യാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുള്ള അടച്ചിട്ട വീട്ടിൽനിന്ന് ഇയാൾ ആറ് പവൻ സ്വർണാഭരണങ്ങളും സി.സി.ടി.വി ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, സീനിയർ സി.പി.ഒമാരായ തോമസ് സ്റ്റാൻലി, ടോമി സേവ്യർ, സി.പി.ഒമാരായ നിയാസ്, വിഷ്ണുരാജ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട് ഏർവാടിയിൽനിന്ന് പിടികൂടിയത്. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് അടഞ്ഞുകിടക്കുന്ന വീടുകൾ നോക്കിവെച്ച ശേഷം രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ്നാട്ടിലേക്ക് കടക്കുകയാണ് പതിവ്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെഞ്ഞാറമൂട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവല്ലം, കിളിമാനൂർ, കുമളി, പെരുവന്താനം, ചടയമംഗലം, പൊലീസ് സ്റ്റേഷനുകളിലായി 35 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. അടുത്തനാളുകളിലായി കേരളത്തിൽ നടന്ന പല മോഷണ കേസുകളിലും പ്രതിക്ക് പങ്കുണ്ടോ എന്നുളള വിവരം പൊലീസ് അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

