സൺഫിലിം; മോട്ടോർവാഹന വകുപ്പ് അപ്പീൽ പോകില്ല
text_fieldsകോട്ടയം: വാഹന ചില്ലുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ച് സേഫ്റ്റി ഗ്ലെയ്സിങ് (നേർത്ത സൺഫിലിം) ഉപയോഗിക്കാമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം.
ഹൈകോടതി വിധി നടപ്പാക്കാനാണ് തീരുമാനമെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹൈകോടതി ഉത്തരവ് യുക്തിസഹമാണെന്ന നിഗമനത്തിലാണ് വകുപ്പ്. നേരത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും സമാന പ്രതികരണം നടത്തിയിരുന്നു. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം.
അതിനെതിരെ നടപടി ഉണ്ടാകില്ല. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ തുടരും. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.

