മെഡിക്കൽകോളജിൽ ആത്മഹത്യഭീഷണി; തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്ക് പരിക്ക്
text_fieldsഭാരത്ചന്ദ്ര ആദി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയ ഒഡിഷ സ്വദേശിയെ തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാരിൽ ഒരാൾക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ദിലീപ് വർമക്കാണ് കൈക്ക് കുത്തേറ്റത്. സി.പി.ഒ ലിബിനും പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിൽസയിലുള്ള തന്റെ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡിഷ സ്വദേശിയായ ഭാരത്ചന്ദ്ര ആദി എന്ന യുവാവ് ബഹളം വെച്ചത്. എന്നാൽ, യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതുകേട്ട് തന്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം പരിക്കേല്പിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ അക്രമസക്തനായ യുവാവിനെ പിന്തിരിപ്പിക്കാൻ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും എസ്.ഐ. പ്രദീപ് ലാല്‍, സീനിയര്‍ സി.പി.ഒ. ദിലീപ് വർമ, സി.പി.ഒ മാരായ ശ്രീനിഷ്, ലിബിൻ എന്നിവർ സ്ഥലത്തെത്തി. യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ കൂടുതൽ അക്രമസക്തനായി. തുടര്‍ന്ന് യുവാവിന്റെയും സ്ഥലത്തുണ്ടായിരുന്ന മറ്റു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയെ മുന്‍ നിര്‍ത്തി പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി കത്തി പിടിച്ചുവാങ്ങി.
ഇതിനിടയിലാണ് ദിലീപ് വർമ, ലിബിൻ എന്നിവർക്ക് പരിക്കേറ്റത്. ഉടൻതന്നെ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരും ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

