കോട്ടയം: കടുവാക്കുളത്ത് ഇരട്ടസഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവം ചൊവ്വാഴ്ച നിയമസഭയിൽ ഉന്നയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആദ്യമായല്ല. ഇതിനൊരു പരിഹാരമുണ്ടാകണം. കോവിഡ്കാലത്തെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പിന്നെന്ത് സംഭവിച്ചു എന്നറിയണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം സഹകരണ അർബൻ ബാങ്ക് മണിപ്പുഴ ശാഖയുടെ മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി മാതാവിനൊപ്പം ടി.വി കണ്ടശേഷം കിടക്കാൻ പോയതായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ ആറോടെ ചായയുണ്ടാക്കി വിളിക്കാൻ ചെന്നപ്പോഴാണ് നസീറിനെ തൂങ്ങിയനിലയിൽ കണ്ടത്. മാതാവിെൻറ നിലവിളി കേട്ട് അടുത്തുള്ളവർ ഓടിയെത്തിയപ്പോൾ അടുത്ത മുറിയിൽ നിസാറിനെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.