മൈക്ക സ്കൂളിൽ വോട്ടിങ് മെഷീനിൽ വോട്ട് ചെയ്ത് വിദ്യാർഥികൾ
text_fieldsകാഞ്ഞിരപ്പള്ളി: പൊതുതെരഞ്ഞെടുപ്പ് പോലെ കൺട്രോൾ യൂനിറ്റും, ബാലറ്റ് യൂനിറ്റും, പേരും, ചിഹ്നവും ഉൾപ്പെട്ട വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി വിദ്യാർഥികൾ. കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിലെ വിദ്യാർഥികൾക്കാണ് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിക്കുംവിധം വോട്ടു ചെയ്യാൻ സാധിച്ചത്. മെഷീനിൽ വോട്ടുചെയ്തത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.
വിദ്യാർഥികൾ ചേർന്നാണ് വോട്ടിങ് യന്ത്രം നിർമിച്ചത് എന്നതും പ്രത്യേകതയാണ്. സ്കൂൾ റോബോട്ടിക് ക്ലാസ് ട്രെയിനർ അഖില മോഹൻ, എഫ്.എൽ.പി കോഓഡിനേറ്റർ ജോയൽ, എന്നിവർ ചേർന്നാണ് വോട്ടിങ് മെഷീൻ നിർമിച്ചത്. സ്ഥാനാർഥികളുടെ പേരും ചിഹ്നവും വോട്ടിങ് മെഷീനിൽ ഉൾപ്പെടുത്തിയിരുന്നു.
ഹെഡ്ബോയ്, ഹെഡ് ഗേൾ, സ്പീക്കർ, സ്പോർട്സ് ക്യാപ്റ്റൻ എന്നീ സീറ്റുകളിലേക്കായിരുന്നു വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഫലപ്രഖ്യാപനവും നടത്തി. സ്കൂൾ മാനേജർ ടി.എ. സിറാജുദ്ദീൻ വോട്ട് രേഖപ്പെടുത്തി മെഷീൻ ഉദ്ഘാടനംചെയ്തു. കുട്ടികളോടൊപ്പം അധ്യാപകർക്കും, അനധ്യാപകർക്കും വോട്ടുചെയ്യാൻ അവസരം ഉണ്ടായിരുന്നു.
സ്കൂൾ ഹെഡ് ബോയ് ആയി അബാദ് അബ്ദുൽ റസാഖ്, ഹെഡ്ഗേൾ ആയി വാഫിറ അനാൻ സിയാദ്, സ്പീക്കറായി എം.ആർ. ദേവനന്ദ, സ്പോർട്സ് ക്യാപ്റ്റൻ ആയി മുഹമ്മദ് നാസിഫ് റാവുത്തർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളെ സ്കൂൾ മാനേജർ ടി.എ. സിറാജുദ്ദീൻ, ട്രഷറർ ഷംസുദ്ദീൻ. പി.എ, ഹെഡ്മിസ്ട്രസ് പി.എ. ലൈല, പി.ടി.എ പ്രസിഡന്റ് അൻസാരി. എം.എം, വൈസ് പ്രസിഡന്റ് ജൗഫർ, മറ്റ് ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

