നഗരത്തിൽ രണ്ടുദിവസത്തിനകം തെരുവുവിളക്കുകൾ തെളിയും
text_fieldsകോട്ടയം: നഗരസഭയിലെ 52 വാർഡിലും രണ്ടുദിവസത്തിനകം തെരുവുവിളക്കുകൾ തെളിയുമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ അറിയിച്ചു. നിലാവ് പദ്ധതിയിലെ ബൾബുകൾ സജ്ജമാവുന്നതുവരെ എൽ.ഇ.ഡി ബൾബുകൾ തെളിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ചർച്ച ചെയ്യാൻ ചേർന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലാവ് പദ്ധതിയെക്കുറിച്ച് കൗൺസിലർമാർ വ്യാപക പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥ യോഗം വിളിച്ചത്.
പദ്ധതിയിൽ നഗരത്തിൽ സ്ഥാപിച്ചത് 35 വാട്ടിന്റെ ബൾബുകളാണ്. എന്നാൽ, ഇവയെല്ലാം കേടുവന്നതിനാൽ നഗരത്തിലൊരിടത്തും രാത്രി വെളിച്ചമില്ല. നിലാവ് പദ്ധതി വന്നകാലം മുതൽ ഇത്തരത്തിൽ പരാതി ഉള്ളതാണ്. ഇതിന്റെ പേരിൽ തങ്ങൾ പഴികേൾക്കുന്നതായി കൗൺസിലർമാർ പറയുന്നു.
കേടുവന്ന ലൈറ്റുകൾ മാറ്റിയിടുന്നില്ല. പോസ്റ്റിൽ കയറി ലൈറ്റ് ഊരിക്കൊണ്ടു ചെല്ലാനാണ് കെ.എസ്.ഇ.ബി പറയുന്നതെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. നിലവിൽ 18 വാട്ടിന്റെ ബൾബാണ് നിലാവ് പദ്ധതിയിൽ ഉള്ളത്. 35 വാട്ടിന്റെ ബൾബ് കിട്ടാതെ മാറ്റിയിടാനാവില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. താൽക്കാലിക പരിഹാരമായി കരാറുകാരന്റെ കൈവശമുള്ള എൽ.ഇ.ഡി ബൾബുകളിടും. 18ന്റെ ബൾബുകൾ തിരികെ നൽകി 35ന്റെ ബൾബുകൾ കിട്ടുന്നമുറക്ക് സ്ഥാപിക്കും. അമൃത് പദ്ധതിയിൽ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ വീട്ടുകണക്ഷൻ നൽകാനും തീരുമാനമായി.
മുൻഗണനക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും തീരുമാനമായി. നേരത്തേ വീട്ടുടമകൾ ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകണമായിരുന്നു. പകരം ആധാർ കാർഡ് മതിയെന്നാണ് തീരുമാനം. ഹരിതകർമസേന അംഗങ്ങളെക്കുറിച്ച് ഉയർന്ന പരാതി സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ 10.30നു യോഗം ചേരുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

