തെരുവുനായ് ശല്യം: കോട്ടയം ജില്ലയിൽ അഞ്ച് ഹോട്ട്‌സ്‌പോട്ട്
text_fieldsകോട്ടയം: തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്താനുള്ള സംസ്ഥാനതല കണക്കെടുപ്പിൽ ജില്ലയിൽ അഞ്ച് ഹോട്ട്‌സ്‌പോട്ടുകൾ. വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയത്. ഇതിൽ വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവ നഗരസഭകളാണ്.
നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടുകൾ നിർണയിച്ചത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് നായ്ശല്യം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തിയത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ തീവ്ര പ്രതിരോധ നടപടി സ്വീകരിക്കും. അതിനിടെ, പ്രതിരോധ കുത്തിവെപ്പും പുരോഗമിക്കുകയാണ്.
വൈക്കത്തും ചങ്ങനാശ്ശേരിയിലും തെരുവുനായ്ക്കളിലെ ഏറെക്കുറെ പൂര്‍ണമായതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. വെച്ചൂരിലും പാലായിലും കുത്തിവെപ്പ് പുരോഗമിക്കുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ അഞ്ചു പ്രദേശങ്ങളിലെയും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയില്‍ പേ വിഷബാധയേറ്റ് അസം സ്വദേശിയായ ബറുവ എന്ന യുവാവ് അടുത്തിടെ മരിച്ചിരുന്നു.
തെരുവുനായ് ആക്രമണം: കോട്ടയത്ത് ചികിത്സ തേടിയത് 1763; കാഞ്ഞിരപ്പള്ളിയിൽ 1269 പേർ
കോട്ടയം: ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ജില്ലയിൽ തെരുവുനായുടെ കടിയേറ്റ് ചികിത്സതേടിയത് 14,574 പേർ. ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കാണിത്.കൂടുതൽ പേർ കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സക്കെത്തിയത്- 5966 പേർ. ഏറ്റവും കുറവ് വെള്ളൂർ യു.പി.എച്ച്.എസിലാണ്; മൂന്നുപേർ. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ 1763 പേരും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ 148 പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 1269 പേരുമാണ് ചികിത്സ തേടിയത്.
പാലാ- 971, കുറവിലങ്ങാട്- 566, സി.എച്ച്.സി എരുമേലി- 287, തലയോലപ്പറമ്പ്- 261, ഇടയിരിക്കപ്പുഴ- 231, സചിവോത്തമപുരം- 198, കുമരകം- 195, ഉഴവൂർ- 187, ഉള്ളനാട് -118, കൂടല്ലൂർ- 115, പൈക- 107, രാമപുരം- 96, തോട്ടയ്ക്കാട്- 88, കൂട്ടിക്കൽ -19, മുണ്ടക്കയം- 187, പാറമ്പുഴ- 139, കടപ്ലാമറ്റം- 24, അതിരമ്പുഴ- 173, വാകത്താനം- 86, മരങ്ങാട്ടുപള്ളി- 39 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ കണക്കിൽ ഇനിയും വർധനയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

