450 കോഴികളെ കൊന്ന് തെരുവുനായ്ക്കൾ
text_fieldsമറവൻതുരുത്ത്: കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ഫാമിലെ 450ഓളം കോഴികളെ കടിച്ചുകീറികൊന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെ മറവൻതുരുത്തിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം. മറവൻതുരുത്ത് രണ്ടാംവാർഡ് വാഴേകാട് കുരിയാത്തുംവേലിൽ കെ.ആർ.സുകുമാരന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് സംഭവം.
ഒരുവശത്തെ തൂണ് തകർത്ത് പൊക്കിയിട്ടിരുന്ന മണ്ണ് മാറ്റി അകത്ത് കടന്നാണ് പകുതി വളർച്ചയെത്തിയ 450ഓളം കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകീറിയത്. 1000 കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്. കോഴികളുടെ ബഹളംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ തെരുവുനായ്ക്കൾ ഓടിമറഞ്ഞു. ചത്ത കോഴികളെ സമീപത്ത് തന്നെ വലിയ കുഴിയെടുത്ത് മറവ് ചെയ്തു.
20 വർഷമായി ഉപജീവനമായി കോഴിഫാം നടത്തുകയാണ് സുകുമാരനും ഭാര്യയും. പ്രദേശത്ത് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കൂട്ടംകൂടിയെത്തുന്ന തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണ്. നായ്ശല്ല്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമില്ലെന്നും പ്രദേശവാസികൾ പറയുന്നു. മൂന്ന്ലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് ഫാം ഉടമ സുകുമാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

