മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ് ശല്യം അഞ്ച് വയസ്സുകാരിയെ ആക്രമിച്ചു
text_fieldsകോട്ടയം മെഡിക്കൽ കോളജ് കൊടിമരച്ചുവട്ടിൽ താവളമാക്കിയിരിക്കുന്ന നായ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം വീണ്ടും രൂക്ഷമാകുന്നു. ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളെ തെരുവുനായ് കടിച്ചു. പട്ടിത്താനം സ്വദേശി ബിനുവിന്‍റെ മകളെയാണ് നായ് കടിച്ചത്. ചെവിയുടെ പുറകുവശത്ത് കടിയേറ്റ കുട്ടി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മുമ്പ് കുട്ടികളുടെ ആശുപത്രിയുടെ സമീപത്തുവെച്ച് മെഡിക്കൽ വിദ്യാർഥികൾക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ആയിരക്കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ആശുപത്രിയിലുള്ളത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ തെരുവുനായ് ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. രോഗികളും കൂട്ടിരിപ്പുകാരും കൂടാതെ ഡോക്ടർമാർക്കും നഴ്സുമാരും ജീവനക്കാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഉൾപ്പെടെയുള്ളവർക്ക് തെരുവുനായ് ശല്യം കാരണം ആശുപത്രി കോമ്പൗണ്ടിൽ കാൽനടയാത്ര ബുദ്ധിമുട്ടാണ്.
ഫാർമസി, ഇൻഷുറൻസ് ഓഫിസ്, രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന സ്ഥലം, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം, കാൻസർ വിഭാഗത്തിന്‍റെ പരിസരം എന്നിവിടങ്ങളിലാണ് നായ്ക്കൾ താവളമാക്കിയിട്ടുള്ളത്. മുമ്പ് തെരുവുനായ് ശല്യം രൂക്ഷമായ സമയത്ത് ആർപ്പൂക്കര പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയിരുന്നു. മെഡിക്കൽ കോളജ് അധികൃതരുടെ നേതൃത്വത്തിൽ നായ്ശല്യം ഒഴിവാക്കുന്നതിന് പ്രത്യേകം പദ്ധതിക്ക് തീരുമാനമുണ്ടെങ്കിലും നടപ്പായിട്ടില്ല.
അതേസമയം, കുടയംപടി ഭാഗത്തും കഴിഞ്ഞ ദിവസം തെരുവുനായ് ആക്രമണമുണ്ടായി. അമ്പാടി, കുടയംപടി, ചുങ്കം ഭാഗങ്ങളിൽ പത്തോളം പേരെ കടിച്ച നായ് വ്യാഴാഴ്ച രാവിലെ ആർപ്പൂക്കര അങ്ങാടി ഭാഗത്തും രണ്ടു പേരെ കടിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ പിടികൂടിയ നായ് നിരീക്ഷണത്തിലാണ്. അതേസമയം, ഈ നായുടെ കടിയേറ്റ മറ്റു നായ്ക്കൾ പ്രദേശത്തുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അയ്മനം പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

