ഭക്ഷണം ഓർഡർ ചെയ്ത് മുങ്ങി, ഒാട്ടോക്കാരന്റെ പണം തട്ടി; തട്ടിപ്പുവീരൻ കറങ്ങിനടക്കുന്നു
text_fieldsതിരുവറ്റയിലെ മീൻകടയിൽ തട്ടിപ്പു നടത്തിയെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യം
കോട്ടയം: ഹോട്ടലിലും മീൻകടയിലുമെത്തി സാധനം ഓർഡർ ചെയ്തയാൾ പണവുമായി മുങ്ങി. ചുങ്കത്തെ താജ് ഹോട്ടലിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എത്തിയ ഒരാൾ 150 പൊറോട്ടയും 40 ബീഫ് കറിയും ആവശ്യപ്പെട്ടു. താമസമുണ്ടാകുമെന്ന് അറിയിച്ചതോടെ ഇയാൾ 10 മണിക്ക് വരാമെന്ന് പറഞ്ഞുപോയി.
ഇരുപതു മിനിറ്റ് കഴിഞ്ഞ് ചുങ്കം പാലത്തിനപ്പുറത്തെ ഓട്ടോ വിളിച്ച് വീണ്ടുമെത്തി. ഉച്ചക്ക് ഊണും കറിയും കൂടി വേണമെന്നു പറഞ്ഞു. ഓട്ടോക്കാരനോട് വണ്ടി തിരിച്ചിടാൻ പറഞ്ഞശേഷം ആയിരം രൂപ ഉണ്ടെങ്കിൽ തരാനും ബിൽ കൊടുത്തശേഷം തിരിച്ചുതരാമെന്നും പറഞ്ഞു.
ഇയാളെ വിശ്വസിച്ച ഓട്ടോക്കാരൻ ആയിരം രൂപ പോക്കറ്റിൽനിന്നെടുത്ത് നൽകി. ഓട്ടോക്കാരന്റെ കൈയിൽ കൂടുതൽ പൈസ കണ്ടതോടെ ആയിരം രൂപ കൂടി ആവശ്യപ്പെട്ടു. അങ്ങനെ രണ്ടായിരം രൂപയും വാങ്ങി ഇപ്പോൾ വരാമെന്നു പറഞ്ഞുപോയ ആൾ പിന്നെ തിരിച്ചെത്തിയിട്ടില്ല. ഹോട്ടലുകാർക്ക് സാധനങ്ങൾ തയാറാക്കി വെക്കാത്തതിനാൽ നഷ്ടമുണ്ടായില്ല.
എന്നാൽ, ഓട്ടോഡ്രൈവർക്ക് പണം നഷ്ടപ്പെട്ടു. ഹോട്ടലുകാർക്കും ഓട്ടോക്കാരനും ഇയാളെ കണ്ടുപരിചയമില്ല. കഴിഞ്ഞ ദിവസം തിരുവറ്റയിലെ മീൻകടയിലെത്തിയും ഇയാൾ തട്ടിപ്പു നടത്തിയിരുന്നു. 25 കിലോ മീൻ വെട്ടിവെക്കാൻ ആവശ്യപ്പെട്ട ഇയാൾ ഗൂഗിൾപേ ചെയ്യാമെന്നു പറഞ്ഞ് ആയിരം രൂപ വാങ്ങിപ്പോയി.
പിന്നീട് അവിടെയും കണ്ടിട്ടില്ല. ഏറ്റുമാനൂരിലെ കടകളിലും ഇയാൾ തട്ടിപ്പുനടത്തിയതായാണ് വിവരം. മറ്റും പലരും ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്. ഇയാളുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

