സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് 14ന് കോട്ടയത്ത്
text_fieldsകോട്ടയം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് നവംബർ 14ന് കോട്ടയത്ത് നടക്കും. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. രാവിലെ ഒമ്പതിന് മന്ത്രി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ് ഉദ്ഘാടനവും വീരമാർത്താണ്ഡവർമ പുരസ്കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം ജെ.ബി.ആർ കളരിയിലെ ബാബുരാജ് ഗുരുക്കൾ വീരമാർത്താണ്ഡവർമ പുരസ്കാരം ഏറ്റുവാങ്ങും. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഡി.കെ. മുരളി എം.എൽ.എ, എറണാകുളം ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. മാക്സി എം.എൽ.എ എന്നിവർ പങ്കെടുക്കും.
തുടർന്ന് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ഡി. ശിൽപ മുഖ്യാതിഥിയായിരിക്കും.

