രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി സെന്റ് തോമസ് കോളജ്
text_fieldsപാലാ: 75 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാഷ്ട്രപതിയെ വരവേല്‍ക്കുന്നതിന്റെ അഭിമാനത്തിലും ആവേശത്തിലും സെന്റ് തോമസ് കോളജ്. പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിൽ മുഖ്യാതിഥിയായി ഇന്ന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കാൻ എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി പ്രിന്‍സിപ്പൽ ഡോ. സിബി ജയിംസ് പറഞ്ഞു.
‘എ’ ബ്ലോക്ക് ഉള്‍പ്പെടെയുള്ള കോളജിന്റെ പ്രധാന കെട്ടിടങ്ങൾ എല്ലാ സജ്ജീകരണങ്ങളോടെയും മനോഹരമാക്കി. വൈദ്യുതി ദീപാലങ്കാര പ്രഭയിൽ പ്രൗഢിയോടെ നില്ക്കുന്ന കോളജിൽ രാഷ്ട്രപതിയെ സ്വാഗതം ചെയ്തു വലിയ ബോർഡുകളും സ്ഥാപിച്ചു.
വൈകുന്നേരം 3.50 ന് എത്തുന്ന രാഷ്ട്രപതി ജൂബിലി സമാപന സമ്മേളനശേഷം വൈകുന്നേരം 4.50 ന് കോട്ടയത്തേക്ക് തിരിക്കും. മുന്‍കൂട്ടി രജിസ്റ്റർ ചെയ്ത് പാസ് ലഭിച്ചവർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പാസിന് പുറമെ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി കൊണ്ടുവരണം. 2.30 ന് മുമ്പ് ഹാളിൽ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒന്നും ഹാളിൽ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്‍പ്പിക്കണം.
ദീപാലങ്കാര പ്രഭയിൽ പാലാ സെന്റ് തോമസ് കോളജ്
ഊരാശാലയിലുള്ള സണ്‍സ്റ്റാർ കണ്വന്ഷന് സെന്ററിന്റെ മുന്‍വശത്തും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളജിന്റെ ‘എച്ച്’ ബ്ലോക്കിനുമുന്നിലുമാണ് പാർക്കിങ്. സി.ആര്. ഹോസ്റ്റലിനു മുന്‍വശം വി.ഐ.പി. പാർക്കിങ് ഏരിയയാണ്. പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, ഡോ. ജോസഫ് തടത്തില്‍, ഡോ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ കോളജ് സന്ദർശിച്ച് ഒരുക്കം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

