ഉന്നതശേഷിയുളള സൂപ്പർകപ്പാസിറ്റർ; നിർണായക നേട്ടവുമായി പാമ്പാടി എസ്.ആർ.ഐ.ബി.എസ്
text_fieldsഡോ. റേച്ചൽ റീന ഫിലിപ്, ആർദ്ര അജിത്ത്
കോട്ടയം: വൈദ്യുതി വാഹനമേഖലയിലടക്കം നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഗവേഷണസംരംഭങ്ങൾക്ക് ചുക്കാൻപിടിച്ച് പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്).
ടൈറ്റാനിയം ഡയോക്സൈഡ് നാനോ ട്യൂബ് ഇലക്ട്രോഡുകൾ ഉപയോഗിച്ച് താപനില നിയന്ത്രിത വാട്ടർ ബാത്ത് അനോഡൈസേഷൻ രീതിവഴി ഉയർന്ന ശേഷിയുള്ള സൂപ്പർകപ്പാസിറ്ററുകൾ നിർമിക്കാനാകുമെന്ന് എസ്.ആർ.ഐ.ബി.എസിലെ എമിരിറ്റസ് സയന്റിസ്റ്റ് ഡോ. റേച്ചൽ റീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ കണ്ടെത്തി. പ്രോജക്ട് ഫെലോ ആർദ്ര അജിത്തുമായി ചേർന്നുള്ള ഈ ഗവേഷണഫലം നിലവിൽ പേറ്റന്റ് ലഭിക്കാനായി സമർപ്പിച്ചിരിക്കുകയാണ്.
ബാറ്ററികൾപോലെ ഊർജസംഭരണ ഉപകരണങ്ങളാണ് സൂപ്പർകപ്പാസിറ്ററുകൾ. പെയിന്റ്, ടൂത്ത്പേസ്റ്റ്, സൗന്ദര്യവർധകവസ്തുക്കൾ, ഭക്ഷ്യനിറങ്ങൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്ന പ്രകൃതിദത്തസംയുക്തമായ ടൈറ്റാനിയം ഡയോക്സൈഡിന് അർധചാലക സ്വഭാവമുണ്ട്. ഈ സവിശേഷത സോളാർസെല്ലുകൾ, സെൻസറുകൾ, ബാറ്ററികൾ, സൂപ്പർകപ്പാസിറ്ററുകൾ എന്നിവക്ക് അനുയോജ്യമാണ്.
ഇനി വ്യാവസായികാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളുടെ വിജയമാണ് ഉറപ്പാക്കേണ്ടത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ) സാർഡ് പദ്ധതിയുടെ കീഴിലുള്ള ആലുവ യു.സി കോളജിലെ ഇലക്ട്രോ കെമിക്കൽ വർക്ക് സ്റ്റേഷനിലാണ് നിലവിൽ ലാബ് പ്രവൃത്തികൾ നടക്കുന്നത്.
സൂപ്പർകപ്പാസിറ്ററുകൾ, ലിഥിയം-അയൺ ബാറ്ററികൾ, ഹൈബ്രിഡ് സിസ്റ്റങ്ങൾ എന്നിവക്കൊപ്പം പ്രതിരോധ, എയ്റോ സ്പേസ് വ്യവസായങ്ങൾ, പോർട്ടബിൾ സൈനിക ഉപകരണങ്ങൾ എന്നിവക്കായി ഭാരംകുറഞ്ഞ, ഒതുക്കമുള്ള, ഉയർന്ന പവർ ഊർജസംഭരണ സംവിധാനങ്ങൾക്കായും ഈ ഗവേഷണഫലം പ്രയോജനപ്പെടുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

