കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കെലത്തി നിൽേക്ക മിസോറം ഗവർണറും മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി.എസ്. ശ്രീധരൻ പിള്ള മത-സാമുദായിക നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ ചർച്ചയാകുന്നു. ബുധനാഴ്ച രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശ്രീധരൻപിള്ള ചങ്ങനാശ്ശേരി ആർച് ബിഷപ്പിനെയും കഴിഞ്ഞ ദിവസം കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും സന്ദർശിച്ചു.
എൻ.എസ്.എസ് നേതൃത്വവുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ബി.ജെ.പി നേതാവെന്ന നിലയിലാണ് സന്ദർശനമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ചങ്ങനാശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടെത്തയും അരമനയിലെത്തി കണ്ട ഗവർണർ വിവിധ ആവശ്യങ്ങളടങ്ങുന്ന സഭയുടെ നിവേദനവും കൈപ്പറ്റി. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം അടിയന്തര ഇടപെടൽ നടത്തുന്നതിനിടെയാണ് മതനേതാക്കളുമായുള്ള മുൻ അധ്യക്ഷെൻറ കൂടിക്കാഴ്ച.
ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വത്തോട് കാര്യമായ സഹകരണമൊന്നും കാണിക്കാത്ത എൻ.എസ്.എസ് നേതാക്കളെ കാണാൻ ശ്രീധരൻപിള്ള എത്തിയെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോട് വിഘടിച്ച് നിൽക്കുന്ന നേതാക്കളുമായും ശ്രീധരൻപിള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവല്ലയിൽ അന്തരിച്ച ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചതും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിഴുപ്പലക്കലിലേക്ക് നേതാക്കള്‍ പോയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ആർ.എസ്.എസും കേന്ദ്രനേതൃത്വവും തിരക്കിട്ട ഇടപെടലാണ് നടത്തുന്നത്. പാര്‍ട്ടിയിലെ ചേരിപ്പോര് തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം.
എൻ.എസ്.എസിെൻറയും ക്രൈസ്തവ നേതാക്കളുടെയും പിന്തുണ ആർജിക്കാനുള്ള നീക്കമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.