ഇനിയും നടപ്പാകാതെ കോട്ടയം പി.എച്ച് ഡിവിഷൻ വിഭജനം
text_fieldsകോട്ടയം: ജല അതോറിറ്റി കോട്ടയം സർക്കിളിനു കീഴിൽ പുതിയ പ്രോജക്ട് ഡിവിഷൻ രൂപവത്കരിച്ചപ്പോഴും കോട്ടയം പി.എച്ച് ഡിവിഷൻ വിഭജിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം നടപ്പായില്ല. ജില്ലയിലെ ഏറ്റവും വലിയ ഡിവിഷനാണിത്.
കുടിവെള്ള കണക്ഷനുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജോലി ഭാരം ഏറെയാണ്. കോട്ടയം, കടുത്തുരുത്തി എന്നീ രണ്ടു പി.എച്ച്. ഡിവിഷനുകളാണ് ഉള്ളത്. കോട്ടയം, പുതുപ്പള്ളി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിങ്ങനെ ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളാണ് കോട്ടയം പി.എച്ച് ഡിവിഷനിൽ വരുന്നത്.
ഇത്രയും വിപുലമായ പ്രദേശത്ത് ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനും സമയബന്ധിതമായി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിനും നിലവിൽ ഏറെ ബുദ്ധിമുട്ടുണ്ട്. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങൾ മാത്രമാണ് കടുത്തുരുത്തി ഡിവിഷനു കീഴിൽ വരുന്നത്. പ്രോജക്ട് ഡിവിഷനുകളിലേതിനെക്കാൾ ഇരട്ടിപ്പണിയാണ് പി.എച്ച് ഡിവിഷനുകളിലുള്ളത്. പ്രോജക്ട് ഡിവിഷനുകൾക്ക് പദ്ധതി നിർമാണ പ്രവർത്തനങ്ങൾ മാത്രം നോക്കിയാൽ മതി. പി.എച്ച് ഡിവിഷനുകൾക്ക് പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം അറ്റകുറ്റപ്പണിയുടെയും ചുമതലയുണ്ട്. യുക്തിസഹമായല്ല ഡിവിഷനുകളുടെ വിഭജനം നടക്കുന്നതെന്ന് ജീവനക്കാർക്കിടയിൽ വ്യാപക പരാതിയുണ്ട്.
അടിക്കടി പൈപ്പ് പൊട്ടൽ ഉണ്ടാകുന്ന കോട്ടയം പി.എച്ച് ഡിവിഷൻ വിഭജിച്ചാൽ ജോലി ഭാരം ലഘൂകരിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനുമാകുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രോജക്ട് ഡിവിഷൻ മീനച്ചിൽ-മലങ്കരയാണ് പുതിയതായി രൂപവത്കരിച്ച ഡിവിഷൻ. കോട്ടയം പ്രോജക്ട് ഡിവിഷൻ വിഭജിച്ചാണ് മീനച്ചിൽ-മലങ്കര രൂപവത്കരിച്ചത്. ഇതോടെ കോട്ടയം സർക്കിളിനു കീഴിലെ ഡിവിഷനുകളുടെ എണ്ണം നാലായി. കോട്ടയം പി.എച്ച് ഡിവിഷൻ, കടുത്തുരുത്തി പി.എച്ച് ഡിവിഷൻ, കോട്ടയം പ്രോജക്ട് ഡിവിഷൻ എന്നിവയാണ് മറ്റുള്ളവ. മലങ്കര ഡാമിനെ ആധാരമാക്കിയുള്ള 1243 കോടിയുടെ ജലജീവൻ മിഷൻ പദ്ധതി നിർമാണം കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാനാണ് പാലാ ആസ്ഥാനമായി മീനച്ചിൽ-മലങ്കര പ്രോജക്ട് ഡിവിഷനു രൂപം നൽകിയത്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ വാട്ടർ അതോറിറ്റിയുടെ പദ്ധതി നിർവഹണച്ചുമതലയും പുതിയ ഡിവിഷനുണ്ടായിരിക്കും. ജീവനക്കാരെ പുനർവിന്യാസത്തിലൂടെയാകും നിയമിക്കുക. പ്രോജക്ട് ഡിവിഷൻ വിഭജിച്ചതോടെ ആ വിഭാഗങ്ങളിലുള്ളവർക്ക് ജോലി ഭാരം കുറയും. ഏതൊക്കെ സബ് ഡിവിഷനുകളാണ് പരിധിയിൽ വരുന്നതെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

