എം.ഡിയെ വിമർശിച്ച് പ്രസംഗം; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
text_fieldsകെ.എസ്.ആർ.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കോട്ടയം ഡിപ്പോയിലെ തൊഴിലാളികൾ വായ മൂടിക്കെട്ടി
പ്രതിഷേധിക്കുന്നു
കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിലെ ക്ലസ്റ്റർ ഓഫിസർ കെ. അജിയുടെ മരണത്തിൽ എം.ഡിയെ വിമർശിച്ച് പ്രസംഗിച്ച കണ്ടക്ടർ വിജു കെ. നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും ആരോപിച്ചാണ് വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ നടപടി. തലശ്ശേരിയിൽനിന്ന് ട്രെയിനിൽ കോട്ടയത്തേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഡി.ടി.ഒ അജി മരിച്ചത്. അനുശോചന യോഗത്തിൽ കോട്ടയം യൂനിറ്റിലെ കണ്ടക്ടറായ വിജു എം.ഡി ബിജു പ്രഭാകറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. എ.ടി.ഒമാരെയും ഡി.ടി.ഒമാരെയും എം.ഡി അസഭ്യം പറയുന്നുവെന്നും ജീവനക്കാരെ കൊന്നൊടുക്കാനുള്ള അജണ്ട നടപ്പാക്കുകയാണെന്നുമാണ് വിജു പറഞ്ഞത്.
ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന അജിയുടെ മരണം എം.ഡിയുടെ പീഡനം മൂലമാണെന്ന് വരുത്തിത്തീർക്കാൻ മനഃപൂർവം ശ്രമമുണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിജു കെ. നായരുടെ പ്രവൃത്തി കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സസ്പെൻഷനിൽ പ്രതിഷേധിച്ച് കോട്ടയം ഡിപ്പോയിലെ തൊഴിലാളികൾ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

