മംഗലാപുരത്തേക്ക് കോട്ടയംവഴി സ്പെഷൽ ട്രെയിൻ
text_fieldsദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങുമായി കൊടിക്കുന്നിൽ സുരേഷ് എം.പി കൂടിക്കാഴ്ച നടത്തിയപ്പോൾ
കോട്ടയം: കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള പ്രതിവാര സ്പെഷ്യൽ സർവീസ് മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാകും. വേനലവധി തിരക്കിനെതുടർന്ന് കോട്ടയം വഴിയുള്ള മലബാർ സർവീസുകളിലെല്ലാം മാസങ്ങൾക്കുമുമ്പ് തന്നെ ബുക്കിങ് അവസാനിച്ചിരുന്നു. പ്ലസ് ടു പരീക്ഷാഫലം വരാനിരിക്കെ, തുടർപഠനം ലക്ഷ്യമിട്ട് വിവിധ നഴ്സിങ് കോളജുകൾ സന്ദർശിക്കാനും പ്രവേശപരീക്ഷകൾക്കുമായി മധ്യകേരളത്തിൽനിന്ന് നൂറുകണക്കിനുപേരാണ് മംഗലാപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
കഴിഞ്ഞദിവസങ്ങളിൽ മലബാർ, മംഗലാപുരം എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ കഠിനമായ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാർഥികളും പ്രായമായവരും തിക്കിതിരക്കിയാണ് യാത്ര ചെയ്തത്. ജനറൽ കോച്ചുകളുടെ ടോയിലറ്റ് ഇടനാഴികളിലടക്കം നിന്നുതിരിയാൻ കഴിയാത്ത നിലയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
സ്ഥിരമായി ഈ ട്രെയിനുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ഏറെ ബുദ്ധിമുട്ടിലായത്. തത്കാൽ ബുക്കിങ്ങിൽ പോലും സീറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. അവധി ദിവസങ്ങൾക്ക് തലേന്ന് ട്രെയിനുകളിൽ കയറാൻ പോലും കഴിയാത്ത സാഹചര്യവുമാണെന്നും യാത്രക്കാർ പറയുന്നു.
ഇതിനിടെയാണ് വേനലവധിക്കാലത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. മേയ് അഞ്ചുമുതൽ ജൂൺ ഒമ്പത് വരെ എല്ലാ തിങ്കളാഴ്ചകളിലും കോട്ടയം വഴിയാണ് സർവീസ്. മേയ് ആറ് മുതൽ ജൂൺ10 വരെ എല്ലാ ചൊവാഴ്ചയും മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് തിരിച്ചും സർവീസുണ്ടാകും.
മേയ് അഞ്ച്, 12, 19, 26 ജൂൺ രണ്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 05.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 6.50ന് മംഗലാപുരത്തെത്തും. മേയ് ആറ്, 13, 20, 27 ജൂൺ മൂന്ന്, 10 തീയതികളിൽ മംഗലാപുരത്ത് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.35 ന് കൊച്ചുവേളിയിലെത്തും. ജനറൽ കോച്ചുകൾ മാത്രമുള്ള ഈ സർവീസിന് പ്രധാനസ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
നേരത്തെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പിയെ കണ്ട് മലബാറിലേക്കുള്ള യാത്രാദുരിതം ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെതുടർന്ന് ജനറൽ മാനേജരുമായി എം.പി കൂടിക്കാഴ്ചയും നടത്തി. ഇതിനുപിന്നാലെയായിരുന്നു പ്രഖ്യാപനം.
നിലവിൽ അനുവദിച്ചിരിക്കുന്ന പ്രതിവാര സ്പെഷൽ സർവീസ് സ്ഥിരപ്പെടുത്തണമെന്ന് മേയ് 14ന് റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ആവശ്യപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയെ സന്ദർശിച്ച ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർക്ക് അദ്ദേഹം ഉറപ്പും നൽകി.
നിലവിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രം സർവീസ് നടത്തുന്ന 16361/62 വേളാങ്കണ്ണി എക്സ്പ്രസ് ഒരുദിവസം കൂടി സർവീസ് നടത്തണമെന്നാവശ്യപ്പട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് എം.പിക്ക് നിവേദനവും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.