ജില്ലയിൽ ആറു ബിവറേജസ് ഷോപ്പുകൂടി
text_fieldsകോട്ടയം: ജില്ലയിൽ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകൾ കൂടി വരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൂട്ടിയ ചില്ലറ വിൽപനശാലകൾ സൂപ്പർ മാർക്കറ്റുകളായാണ് തിരിച്ചെത്തുന്നത്.അടച്ചുപൂട്ടിയ വാകത്താനം, കുമരകം, കിടങ്ങൂർ, കൊല്ലപ്പള്ളി, വാഴൂർ പതിനാലാം മൈൽ എന്നീ ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്. കൂടാതെ ചങ്ങനാശ്ശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിലും ബിവറേജസ് ഷോപ് ആരംഭിക്കും.
നഗരസഭ പരിധിയിൽ ഇതിനായി സാധ്യതപഠനം നടത്താനാണ് തീരുമാനം. നിലവിൽ ഈ നഗരസഭകളിലെല്ലാം ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളുണ്ട്. രണ്ടാമതൊരു ഷോപ്പിന്‍റെ സാമ്പത്തിക സാധ്യതയും ഭൗതിക സാഹചര്യങ്ങളും പഠിച്ചശേഷമായിരിക്കും നടപടി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരക്കൊഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഷോപ്പുകൾ തുറക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കോവിഡ് സമയത്ത് ബിവറേജസ് ഷോപ്പുകളുടെ മുന്നിലെ തിരക്കും നീണ്ടവരിയും ചൂണ്ടിക്കാട്ടി ഹൈകോടതി വിമർശനമുന്നയിച്ചിരുന്നു.
തിരക്ക് ഒഴിവാക്കാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ കൂടുതൽ ഷോപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. നിർത്തിയ സ്ഥലങ്ങളിലെല്ലാം പഴയ ഷോപ്പുകൾ പുനരാരംഭിക്കുകയാണ്. പൂട്ടിയ ഷോപ്പുകളെല്ലാം നല്ല വരുമാനം ലഭിച്ചിരുന്നവയാണെന്നും അവിടെത്തന്നെ പുതിയ ഷോപ്പുകൾ ആരംഭിക്കുന്നതോടെ വരുമാനം സമാനരീതിയിൽ തന്നെ ലഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. നിലവിൽ 24 ബിവറേജസ് ഷോപ്പുകളാണ് ജില്ലയിലുള്ളത്.
കൺസ്യൂമർഫെഡും പുതിയതായി ഒരു ഷോപ്പ് തുറക്കുന്നുണ്ട്. നിലവിൽ മൂന്ന് ഷോപ്പുകളാണ് കൺസ്യൂമർ ഫെഡിനുള്ളത്. മദ്യലഭ്യത കുറക്കുമെന്നാണ് സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. എന്നാൽ, അതിനു വിരുദ്ധമായി കോടതി ഉത്തരവിന്‍റെ മറവിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

