ദിശ തെറ്റി ദിശാബോർഡുകൾ
text_fieldsഉപയോഗശൂന്യമായ ദിശാബോർഡുകൾ
കോട്ടയം: വഴിയറിയാതെ വലയുന്നവർക്ക് വഴികാട്ടാനുള്ള ദിശാബോർഡുകൾക്ക് ‘വഴിതെറ്റിയതോടെ’ യാത്രക്കാർ ദുരിതത്തിൽ. ജില്ലയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെ അക്ഷരങ്ങൾ മാഞ്ഞുപോയി. ഇതോടെ സ്ഥലം തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ഇത് ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന വാഹനയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. പകുതി സ്ഥലങ്ങൾ മാഞ്ഞുപോയ ബോർഡുകളുമുണ്ട്. ചിലയിടങ്ങളിൽ കാട്ടുവള്ളിച്ചെടികൾ ബോർഡുകളിൽ നിറഞ്ഞിരിക്കുകയാണ്. ചിലത് വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ്. ചില സ്ഥലത്ത് ബോർഡുണ്ടെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത വിധമാണ് സ്ഥാപിച്ചിരിക്കുന്നത്.
വിദേശികളടക്കം വിനോദസഞ്ചാരികൾ ഏറെയെത്തുന്ന കുമരകത്തെ ബോർഡുകൾ പലതും മാഞ്ഞ നിലയിലാണ്. ചിലതിൽ കാട്ടുവള്ളികൾ നിറഞ്ഞതോടെ കാണാനാകാത്ത സ്ഥിതിയാണ്. കുമരകത്ത് ഒരു ബോർഡ് പാതി തകർന്ന നിലയിലാണ്. മറ്റ് ചിലയിടങ്ങളിലും ബോർഡുകൾ ദിശയില്ലാതെ നിൽപ്പുണ്ട്.
കുമരകം കോണത്താറ്റ് പാലത്തിന്റെ സമീപത്തുള്ള ബോർഡുകളുടെ അക്ഷരങ്ങൾ ഇളകിമാറിയ നിലയിലാണ്. കോട്ടയം ചാലുകുന്നിൽ ബോർഡിലെ പെയിന്റ് ഇളകി സ്ഥലനാമങ്ങൾ വായിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള പല ബോർഡുകളുടെ സ്ഥിതിയും സമാനമാണ്. കോട്ടയം മണിപ്പുഴയിലെ ബോർഡിൽ ചെളി നിറഞ്ഞിരിക്കുന്നു.
തണ്ണീർമുക്കം ബണ്ടിന് സമീപഭാഗങ്ങളിലും ദിശാസൂചകങ്ങളെ മറച്ച് ഇലകളും മരങ്ങളും നിറഞ്ഞുനിൽക്കുകയാണ്. ചിലയിടങ്ങളിൽ ബോർഡ് തുരുമ്പെടുത്ത നിലയിലാണ്. തുരുമ്പെടുത്ത് കാലപ്പഴക്കം ചെന്ന ബോർഡുകൾ മാറ്റി സ്ഥാപിക്കണമെന്നും വള്ളിച്ചെടികൾ വെട്ടിമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

